ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.
പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങള്‍ കണ്ട് മനസ്സു നിറഞ്ഞ് നടന്‍ റോണി ഡേവിഡും പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരന്‍ റോബി രാജാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രം പുറത്തിറങ്ങി വെറും ഒമ്പതുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രം രണ്ടാം വാരം പൂര്‍ത്തിയാക്കുമ്പോഴും തിയറ്ററുകള്‍ നിറഞ്ഞുകവിയുകയാണ്. ടിക്കറ്റ് വില്‍പ്പനയിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഇതുവരെ ഒരു മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞതെന്നാണ് കണക്കുകള്‍.
ചിത്രം റിലീസ് ചെയ്ത് രണ്ടാം ഞായര്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പതിനൊന്നാം ദിവസമായ ഇന്നലെ മാത്രം ചിത്രം നേടിയത് മൂന്ന് കോടിയാണ്. ഒരു മമ്മൂട്ടി ചിത്രത്തിന് രണ്ടാം വാരാന്ത്യത്തില്‍ ലഭിക്കുന്ന മികച്ച കളക്ഷനാണിത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതോടെ 30.42 കോടി പിന്നിട്ടിരിക്കുകയാണ്.
ഇതുവരെയുള്ള മമ്മൂട്ടിയുടെ തന്നെ ചിത്രമായ ഭീഷ്മപര്‍വ്വത്തെയാണ് കണ്ണൂര്‍ സ്‌ക്വാഡ് പിന്നിലാക്കിയിരിക്കുന്നത്. രണ്ടാം ഞായറിലെ ഭീഷ്മപര്‍വ്വം കളക്ഷന്‍ 2.70 കോടി ആയിരുന്നു.
ഇതിനടെ, ആഗോള ബോക്‌സ് ഓഫീസില്‍ 65കോടിക്കടുത്ത് കണ്ണൂര്‍ സ്‌ക്വാഡ് നേടി എന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു. വിദേശത്തും മികച്ച കളക്ഷനാണ് ഈ മമ്മൂട്ടി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് സൂചനകള്‍.
തിരുവനന്തപുരം ഏരീസ് പ്ലസില്‍ 55.47 ലക്ഷം ഗ്രോസ് ആണ് ചിത്രത്തിന് ഉണ്ടായത്. 105 ഷോകളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇവിടെ മമ്മൂട്ടിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസര്‍ കൂടിയാണ് ചിത്രം. ആദ്യസ്ഥാനം ഭീഷ്മപര്‍വ്വത്തിനാണ്.