ദുബായ്: ദുബൈയില്‍ വനിതാ സ്പോണ്‍സറുടെ വസ്ത്രങ്ങളും മറ്റുവസ്തുക്കളും രണ്ട് വീട്ടുജോലിക്കാരികള്‍ മോഷ്ടിച്ചു. കേസ് ദുബായ് കോടതിയുടെ പരിഗണനയിലാണ്. മോഷ്ടിച്ച വസ്ത്രങ്ങള്‍ ധരിച്ച് വീട്ടുജോലിക്കാര്‍ എടുത്ത ചിത്രങ്ങളും കണ്ടെത്തി. 30, 32 വയസ്സുള്ള എത്യോപ്യന്‍ വീട്ടുജോലിക്കാര്‍ക്കെതിരെയാണ് പരാതി.
ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ബെഡ് റൂമില്‍ നിന്നും നഷ്ടപ്പെട്ടുവെന്നായിരുന്നു സ്‌പോണ്‍സറുടെ പരാതി. വീട്ടുജോലിക്കാരികളുടെ മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ ഇവ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടുജോലിക്കാര്‍ കുറ്റം സമ്മതിച്ചു. വസ്ത്രവും ആഭരണങ്ങളും ധരിച്ച് ഇരുവരും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തുവെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് സ്‌പോണ്‍സര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബെഡ് വൃത്തിയാക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്നും ഇതിന്റെ മറവിലാണ് ജോലിക്കാര്‍ മോഷണം നടത്തിയതെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും നഷ്ടപ്പെട്ടുവെന്ന് കണ്ടപ്പോള്‍ ജോലിക്കാരിയുടെ മുറി പരിശോധിച്ചു. കാണാതെ പോയതെല്ലാം അവിടെ ഉണ്ടായിരുന്നു. കൂടാതെ തന്റെ അമ്മയുടെ ചില വസ്തുക്കളും ഇവര്‍ മോഷ്ടിച്ചുവെന്നും സ്‌പോണ്‍സര്‍ ആരോപിച്ചു.
48,000 ദിര്‍ഹത്തിന്റെ വാച്ച്, 1500 ദിര്‍ഹം വിലയുള്ള സ്വര്‍ണ മോതിരം, 4000 ദിര്‍ഹം വിലയുള്ള ബ്രെയ്‌സ്‌ലൈറ്റ് മൂന്നു ജോഡി വസ്ത്രങ്ങള്‍ മൂന്ന് വാച്ചുകള്‍ എന്നിവയാണ് വീട്ടുജോലിക്കാര്‍ മോഷ്ടിച്ചതെന്ന് പ്രോസിക്യൂട്ടേഴ്‌സ് ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രതികളെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റം നിഷേധിച്ചു. സ്‌പോണ്‍സറുടെ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ഫോട്ടോ എടുത്ത ശേഷം അവ തിരികെ നല്‍കിയെന്ന് ജോലിക്കാര്‍ പറഞ്ഞു. ‘ഞങ്ങള്‍ ഒന്നും മോഷ്ടിച്ചിട്ടില്ല, ഞങ്ങള്‍ എല്ലാം തിരികെ നല്‍കിയിട്ടുണ്ട്’-32 വയസ്സുള്ള ജോലിക്കാരി പറഞ്ഞു. ഓഗസ്റ്റ് ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കും.