വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമന്‍ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമന്‍ രഘുവിന്റെ യഥാര്‍ത്ഥ പേര് രഘു ദാമോദരന്‍ എന്നാണ്. ഇതിനോടകം 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.
രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
നിരവധി ട്രോളുകളാണ് താരത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ തന്റെ പ്രവൃത്തി ശരിയാണെന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ് ഭീമന്‍ രഘു. ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം വിജയിയെ കുറിച്ച് സംസാരിക്കുകയാണ് ഭീമന്‍ രഘു.
വിജയ് തന്റെ അടുത്ത് വന്ന് ഇരുന്നതിന്റെ ഒരു അനുഭവമാണ് ഭീമന്‍ രഘു പങ്കുവെച്ചത്. വിജയ് ഒരിക്കല്‍ തന്റെ തൊട്ടടുത്ത് വന്നിരുന്നുവെന്നും തനിക്ക് ആദ്യം മനസ്സിലായില്ലെന്നും പൂക്കാണ്ടി പോലെയൊരു പയ്യനായിരുന്നുവെന്നും താന്‍ പുസ്തകം വായിച്ചിരിക്കുമ്പോഴായിരുന്നു തന്റെയടുത്ത് വന്നിരുന്നതെന്നും ഭീമന്‍ രഘു പറയുന്നു.
താന്‍ അത് ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ തന്റെ അടുത്തുള്ളവരെല്ലാം കുശുകുശുക്കുന്നത് കേട്ടപ്പോള്‍ താനും തിരിഞ്ഞുനോക്കിയെന്നും അപ്പോഴാണ് വിജയിയെ കണ്ടതെന്നും വിജയ് അല്ലേ എന്ന് താന്‍ ചോദിച്ചുവെന്നും ഉടനെ തന്നോടും പേര് ചോദിച്ചുവെന്നും ഭീമന്‍ രഘു പറയുന്നു.
രഘു എന്നുപറഞ്ഞു. പേരിന് മുന്നിലോ പിന്നിലോ എന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. താന്‍ ഭീമന്‍ രഘു എന്നു പറഞ്ഞുവെന്നും അത് കേട്ടപ്പോള്‍ വിജയ് ചിരിച്ചുവെന്നും വിജയ്ക്ക് തന്നെ മനസ്സിലായെന്നും തന്റെ പേര് കേട്ടിട്ടുണ്ടെന്ന് പറഞ്ഞുവെന്നും സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും കൂടെ ഫൈറ്റ് ചെയ്യാറില്ലേയെന്ന് ചോദിച്ചുവെന്നും താരം പറയുന്നു.