മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. സഹതാരമായും വില്ലനായും സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളില്‍ നിര്‍ണായകമായ വേഷത്തിലെത്തിയ താരം 90കളില്‍ കത്തി നില്‍ക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് പതിയെ സിനിമകളും അവസരങ്ങളും കുറഞ്ഞു. തുളസിയെ സിനിമയില്‍ കാണാതെ വരെയായി. രാഷ്ട്രീയ പ്രവേശനത്തോടെ തനിക്ക് അവസരങ്ങളൊന്നും വരുന്നില്ലെന്ന് കൊല്ലം തുളസി തന്നെ തുറന്നുപറഞ്ഞിരുന്നു.
സിനിമയിലെ പല താരങ്ങളെയും വിമര്‍ശിച്ചുകൊണ്ട് കൊല്ലം തുളസി നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയത്തെ കുറിച്ച് കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ബിജെപിയില്‍ വളരെ കുറച്ചുകാലം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് കൊല്ലം തുളസി പറയുന്നു.
പാര്‍ട്ടിക്ക് വേണ്ടി 4 നിയമസഭാ മണ്ഡലങ്ങളിലും നാല് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഓടി നടന്ന് പ്രചാരണം നടത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി താന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രസംഗിച്ച് ക്ഷീണിച്ച് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടെന്നും എന്നിട്ടും ആകെ കുറച്ച് പേരല്ലാതെ ഒരു നന്ദി വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും കൊല്ലം തുളസി പറയുന്നു.
ചെറിയൊരു നാക്കുപിഴവിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തി. ആ സംഭവം തന്നെ ദുഃഖിപ്പക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തിലെ പല നേതാക്കളുടെയും പൊതു സ്വഭാവമാണെന്നും തനിക്ക് തോന്നുന്നത് സുരേഷ് ഗോപി മാത്രമാണ് അതിലൊന്നും പെടാതെ രക്ഷപ്പെട്ടതെന്നും കൊല്ലം തുളസി പറയുന്നു.
സുരേഷ് ഗോപിയുടെ ഭാഗ്യമായിട്ടാണ് അതിനെ താന്‍ കാണുന്നത്. ആ ഭാഗ്യം തനിക്കുണ്ടായിട്ടില്ലെന്നും ഏത് നേതൃ സ്ഥാനത്തും ഇരിക്കാന്‍ വളരെയേറെ കഴിവുള്ളയാളാണ് സുരേഷ് ഗോപിയെന്നും ഇവിടെ അടുത്ത പ്രാവിശ്യവും ബിജെപിയുടെ പിന്തുണയില്‍ ഇടത് സര്‍ക്കാര്‍ തന്നെ ഭരണത്തില്‍ വരുമെന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.