കഴിഞ്ഞദിവസങ്ങളിലായി ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ മോഷ്ടിച്ചുവെന്ന ആരോപണമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
ഗായകനും സംഗീതജ്ഞനുമായ സത്യജിത്ത് എന്ന യുവ ഗായകന് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഫ്രീക്ക് പെണ്ണെ ഗാനം പാടിയതും ലിറിക്‌സ് എഴുതിയതും സത്യജിത് ആയിരുന്നു.
ഇതിന്റെ സംഗീതവും താൻ തന്നെയാണ് നൽകിയതെന്നും എന്നാൽ അതിന്റെ ക്രെഡിറ്റ് ഷാൻ റഹ്‌മാൻ കൈക്കലാക്കുകയായിരുന്നു എന്നുമാണ് സത്യജിത് ആരോപിച്ചിരുന്നത്.
ഈ ആരോപണത്തിന് മറുപടിയുമായാണ് സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ രംഗത്തെത്തിയിരിക്കുന്നത്. താൻ ഒരിക്കലും സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത ഗാനങ്ങളുടെ അവകാശം ഏറ്റെടുക്കാറില്ലെന്ന് ഷാൻ റഹ്‌മാൻ തുറന്നു പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ വികാര നിർഭരമായ നീണ്ട കുറിപ്പുമായാണ് ഷാൻ റഹ്‌മാൻ പങ്കിട്ടത്.
‘ഒരു ഫ്രീക്ക് പെണ്ണ് കഥ’ എന്ന തലക്കെട്ടോടു കൂടിയാണ് ഷാൻ റഹ്‌മാൻ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. ‘ഫ്രീക്ക് പെണ്ണെ’ ഗാനം താൻ പ്രൊഡ്യൂസ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും സത്യജിത്തിന്റെ പേര് കമ്പോസർ ആയും തന്റെ പേര് മ്യൂസിക് പ്രൊഡ്യൂസറായും വയ്ക്കാനാണ് താൻ ഓഡിയോ കമ്പനിയോട് പറഞ്ഞതെന്നും ഷാൻ റഹ്‌മാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്നാൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ എല്ലാ ഗാനത്തിന്റെയും കമ്പോസർ എന്ന ഭാഗത്ത് ഷാൻ റഹ്‌മാൻ എന്ന് കൊടുത്തത് നിർമ്മാണ കമ്പനിയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതേ ചിത്രത്തിലെ ‘ മാണിക്യമലരായ പൂവി’ എന്ന ഗാനത്തിന് ക്രെഡിറ്റ് നൽകിയത് ഷാൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഫ്രീക്ക് പെണ്ണെ ഗാനത്തിന് നേരെയുണ്ടായ ഡിസ് ലൈക്ക് ക്യാംപെയിൻ വിഷമിച്ചെന്നും ഷാൻ പറയുന്നുണ്ട്. ആ ഗാനം വളരെ നല്ലതായിട്ടും ഒരുപാട് പേർ ഡിസ് ലൈക്ക് ചെയ്തത് എന്തിനെന്ന് അറിയില്ല.
യൂട്യൂബിൽ അപ് ലോഡ് ചെയ്ത ഗാനം താൻ കണ്ടിരുന്നില്ല എന്നും ഷാൻ വ്യക്തമാക്കി. സത്യജിത് കഴിവുള്ള താരമാണ് എന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു എന്നും ഷാൻ പറയുന്നുണ്ട്.