കൊച്ചിയില്‍ മൂന്ന് കുട്ടികളെ വീടിന് പുറത്തിറക്കാതെ മാതാപിതാക്കള്‍; അയല്‍വാസികളുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല; ഇന്ന് വരെ സ്‌കൂളില്‍ പോലും പോകാന്‍ കഴിയാതെ മൂന്ന് ആണ്‍കുട്ടികള്‍

19

കൊച്ചി: പത്ത് വര്‍ഷത്തോളമായി മക്കളെ വീടിനുള്ളില്‍ നിന്ന് പുറത്തിറക്കാതെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കെതിരേ ജില്ലാ ലീഗല്‍ അഥോറിറ്റി കേസ് എടുത്തു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് പന്ത്രണ്ടും ഒമ്ബതും ആറും വയസ്സായ മൂന്ന് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.അയല്‍വാസികളുമായി ഒരുബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. രാത്രിയില്‍ പോലും വീടിനുള്ളില്‍ വിളക്ക് തെളിച്ചിരുന്നില്ല. ഒറ്റപ്പെട്ടു കഴിയുന്ന ഇവര്‍ക്കെതിരേ സംശയം തോന്നി പരിസരവാസികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമാണ് താലൂക്ക് ലീഗല്‍ അഥോറിറ്റിക്കും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനും പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്ന്, ജില്ലാ ലീഗല്‍ അഥോറിറ്റി അധികൃതരും പൊലീസും ശിശുസംരക്ഷണ അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍, അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ വാതില്‍ തുറക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസും നാട്ടൂകാരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ഏറെനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Advertisements

ഒടുവില്‍ വാതിലിന്റെ പൂട്ട് പൊളിച്ച്‌ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗത്യന്തരമില്ലാതെ അബ്ദുള്‍ ലത്തീഫ് വാതില്‍ തുറക്കുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പമാണ് ഇയാള്‍ വീട്ടിനുള്ളില്‍ കഴിഞ്ഞിരുന്നത്. കുട്ടികള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ പുറത്തേക്ക് പോകുമ്ബോള്‍ വാതില്‍ പുറമെ നിന്ന് പൂട്ടിയാണ് പോയിരുന്നത്. മൂന്ന് പേരെയും സ്‌കൂളില്‍ വിട്ടിട്ടില്ല. മറ്റ് കുട്ടികളുമായി ചേര്‍ന്ന് പഠിച്ചാല്‍ മക്കള്‍ ചീത്തയാകുമെന്നാണ് പിതാവ് പറഞ്ഞത്.

കുട്ടികള്‍ക്ക് വീടിനുള്ളില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് അബ്ദുള്‍ ലത്തീഫ് പറയുന്നത്.

ഇയാള്‍ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ പി.എം. മുഹമ്മദാലി ഫൗണ്ടേഷന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പരിസരവാസികളാണ് മൂന്ന് കുട്ടികള്‍ ഇവിടെ കഴിയുന്നുണ്ടെന്നും ഇവരെ പുറത്തിറക്കാതെ പൂട്ടിയിട്ടിരിക്കുകയാണെന്നുമുള്ള വിവരം അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്ബ് പൊലീസ് എത്തി വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ജില്ലാ ശിശുസംരക്ഷണ വകുപ്പ് അധികൃതര്‍ ഈ മാസം ആദ്യം ഇവിടെയെത്തി ഇയാളോട് സംസാരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തുടര്‍ന്നാണ് താലൂക്ക് ലീഗല്‍ അഥോറിറ്റി കഴിഞ്ഞ 16-ന് ജില്ലാ ലീഗല്‍ അഥോറിറ്റിക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ അധികൃതര്‍ പരിശോധനയ്‌ക്കെത്തിയത്. വീടിനുള്ളിലെ പരിസരം ശോചനീയമായിരുന്നു. സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകളും തടിച്ചുകൂടി. ഒടുവില്‍ ഇയാളുടെ സഹോദരന്‍ എത്തി പൊലീസിന് മൊഴി നല്‍കാം എന്ന ഉറപ്പിനെ തുടര്‍ന്നാണ് അധികൃതര്‍ പോയത്.

അന്യായമായി കുട്ടികളെ തടങ്കലില്‍ വച്ചതിന് ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് ജില്ലാ ലീഗല്‍ അഥോറിറ്റി സെക്രട്ടറി എ.എം. ബഷീര്‍ പറഞ്ഞു. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ വളര്‍ത്തുന്നത്. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും പുറത്തിറക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി ആലോചിച്ച്‌ തുടര്‍ നടപടികളെടുക്കുമെന്നും ജില്ലാ ലീഗല്‍ അഥോറിറ്റി സെക്രട്ടറി അറിയിച്ചു.

Advertisement