പത്തനംതിട്ട: കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണമുന്നയിച്ച യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കേസിലെ നാലാംപ്രതിയായ വൈദികന്‍. ഡല്‍ഹി ഭദ്രാസനത്തിലെ ജനക്പുരി പള്ളിയുടെ അസിസ്റ്റന്റ് വികാരി ഫാ. ജെയ്‌സ് കെ. ജോര്‍ജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. യുവതിയുടെ കുടുംബത്തെ വര്‍ഷങ്ങളായി അറിയാം. യുവതിയുമായി ഒന്നിലേറെത്തവണ പരസ്പരസമ്മതത്തോടെ ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആരുടെയോ ഭീഷണിയുടെ പുറത്താണ് പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയത്. കുമ്ബസാര വിഷയങ്ങള്‍ യുവതി പങ്കുവെച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
കുമ്ബസാര രഹസ്യം മറയാക്കി കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. മാനസിക പിരിമുറക്കത്തിലായതോടെ കൗണ്‍സലിങ്ങിനായി ഫാ. ജെയ്‌സിനെ സമീപിച്ചു. സംഭവിച്ച കാര്യങ്ങള്‍ ഇയാളോട് പങ്കുവെച്ചു. ഇതിനുശേഷമാണ് ഇയാള്‍ ലൈംഗിക ചൂഷണം തുടങ്ങിയതെന്നും യുവതി ആരോപിക്കുന്നു.
ഫാ. ജെയ്‌സിന്റെ വെളിപ്പെടുത്തല്‍ സഭാ നിയമങ്ങളനുസരിച്ച് ഗൗരവമായ കുറ്റമാണ്. വിവാഹിതനായ ഇയാള്‍ മറ്റൊരാളുടെ ഭാര്യയുമായി ബന്ധം പുലര്‍ത്തുന്നത് ആജീവനാന്ത വിലക്ക് ലഭിക്കുന്ന കുറ്റമാണ്.
വൈദികര്‍ക്കെതിരേ നിശിത വിമര്‍ശനവുമായി വീണ്ടും വിശ്വാസികള്‍. ‘ഓര്‍ത്തഡോക്‌സ് വിശ്വാസ സംരക്ഷകന്‍’ എന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് വൈദികരെ രൂക്ഷമായി വിമര്‍ശിക്കുന്നത്. അധികാര മോഹം, ലൈംഗികാസക്തി, ആഡംബരം എന്നിവരുടെ പിന്നാലെയാണ് ഭൂരിഭാഗം വൈദികരും. ആഡംബര ജീവിതത്തിനുള്ള മാര്‍ഗമായി പൗരോഹിത്യത്തെ കാണുന്ന വൈദികരെ പുറത്താക്കാന്‍ വിശ്വാസികള്‍ ഒന്നിക്കണമെന്ന് ലേഖനം ആഹ്വാനം ചെയ്യുന്നു.