ദുബായ്: ഇന്ത്യന്‍ യുവതിയെ എമിഗ്രേഷന്‍ ഓഫിസര്‍ ചമഞ്ഞ് കബളിപ്പിക്കുകയും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് പണം തട്ടിയതായി പരാതി. കഴിഞ്ഞ ദിവസമാണ് അബുദാബിയില്‍ താമസിക്കുന്ന യുവതിയ്ക്ക് ഫോണ്‍ കോള്‍ ലഭിച്ചത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയാണ് ഫോണിലുള്ള വ്യക്തി സംസാരിച്ചത്. യുവതിയുടെ ഫയലില്‍ ചില എമിഗ്രേഷന്‍ രേഖകള്‍ കുറവുണ്ടെന്നും നാടുകടത്തുകയും ഇന്ത്യയില്‍ വച്ച് അറസ്റ്റിലാവുകയും ചെയ്യുമെന്നാണ് വിളിച്ചവര്‍ പറഞ്ഞത്.
ഏതാണ്ട് ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന ഫോണ്‍ കോള്‍ ആയിരുന്നു അത്. മൂന്നോ നാലോ പുരുഷന്‍മാര്‍ എന്നോട് സംസാരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ പോലെതന്നെയാണ് അവര്‍ സംസാരിച്ചത്. ഒരു സംശയവും തോന്നിയിരുന്നില്ല. ഞാന്‍ ശരിക്കും ഭയന്നു. എമിഗ്രേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 18 പ്രകാരം തന്നെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നാണ് പറഞ്ഞത്. നാടുകടത്തുമെന്നും ഡല്‍ഹിയില്‍ എത്തിയാല്‍ ആര്‍ട്ടിക്കിള്‍ 20 പ്രകാരം അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു’- യുവതി വ്യക്തമാക്കി.
നാടുകടത്തല്‍ ഒഴിവാക്കാന്‍ ഒറ്റവഴിയേ ഉള്ളൂവെന്നും അത് 1800 ദിര്‍ഹം (33,565 രൂപ) നല്‍കി ഇന്ത്യയില്‍ നിന്നും ഒരു അഭിഭാഷകന്‍ മുഖേനെ ഇന്ത്യന്‍ അധികൃതരില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കല്‍ ആണെന്നും ഫോണ്‍ ചെയ്തവര്‍ പറഞ്ഞു. ഇതിനുള്ള പണം ഫോണ്‍ ചെയ്തവര്‍ തന്ന നമ്പറിലേക്ക് ഉടന്‍ തന്നെ അയക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളില്‍ പണം അവര്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതൊരു തട്ടിപ്പാണെന്നും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി നിരവധി ഇന്ത്യക്കാരില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ‘എമിഗ്രേഷന്‍ അഴിമതിയില്‍’ ആരും അകപ്പെടരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത നിയമപാലകരുമായി ബന്ധപ്പെടണമെന്നും സ്വകാര്യ വിവരങ്ങള്‍ ആരുമായും ഫോണില്‍ പങ്കുവയ്ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി