കൊല്ലം: വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് കൊല്ലം പള്ളിമുക്കിലെ ഓഡിറ്റോറിയങ്ങളില്‍ നടന്ന അനധികൃത പാര്‍ക്കിങ്ങും, ഗതാഗത തടസവും ഉണ്ടാക്കിയതിന് ദേശീയപാതയോരത്തെ ഓഡിറ്റോറിയം ഉടമകള്‍ക്കും, മാനേജര്‍മാര്‍ക്കുമെതിരെ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാവിലെ മുതല്‍ ദേശീയ പാതയില്‍ ഗതാഗത തടസം ഉണ്ടാകുന്ന തരത്തില്‍ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് പള്ളിമുക്കിലെ ചില ഓഡിറ്റോറിയങ്ങള്‍ക്കു മുന്നില്‍ ഗതാഗതം തടസപ്പെട്ടു.
ഇതോടെ രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനഗതാഗതം തടസപ്പെടുകയും, ഗതാഗതം വഴതിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതോടെയാണ് പോലീസ് ഇത്തരത്തില്‍ ഒരു നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.
മതിയായ പാര്‍ക്കിംഗ് സംവിധാനമില്ലാത്ത നഗരത്തിലെ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിലേക്കുള്ള നടപടി സ്വീകരിക്കുന്നതിനും, പുതുതായി നഗരത്തില്‍ സ്ഥാപിക്കപ്പെടുന്ന ഓഡിറ്റോറിയങ്ങള്‍ക്കും, ഷോപ്പിംഗ് മാളുകള്‍ക്കും കപ്പാസിറ്റിക്ക് അനുസൃതമായ വാഹന പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്ത പക്ഷം അനുമതി നല്‍കാതിരിക്കുന്നതിന് നടപടി സ്വീകരിക്കുവന്‍ കൊല്ലം കോര്‍പ്പറേഷനു സിറ്റി പോലീസ് നോട്ടീസ് നല്‍കി.
നഗരത്തില്‍ വിവിധയിടങ്ങളിലായി, ദേശീയ പാതയോരത്തും, സംസ്ഥാന പാതയോരത്തും, മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാതെ പൊതുഗതാഗതം തടസപ്പെടുത്തിയുളള ഇത്തരം നടപടികളെ പോലീസ് അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും, ശക്തമായ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും എന്നും സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.