മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ടിപി മാധവന്‍. ഒരു കാലത്ത് മലയാള സിനിമാരംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹാസ്യനടനായും വില്ലനായുമെല്ലാം അദ്ദേഹം സിനിമയില്‍ എത്തിയിരുന്നു.
ഓട്ടേറെ വേഷങ്ങളാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ചത്. ഇതിനോടകം 600 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടിപി മാധവന്‍.
ഇപ്പോള്‍ പത്തനാപുരത്തുള്ള ഗാന്ധി ഭവന്‍ അന്തേവാസിയാണ് ടിപി മാധവന്‍. അനാരോഗ്യവും അതിദാരിദ്രവുമായിരുന്നു ടിപി മാധവനെ ഗാന്ധിഭവന്‍ അന്തേവാസിയാക്കിയത്. ഓര്‍മ്മ നശിച്ച അദ്ദേഹം ഇപ്പോള്‍ പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ വളരെ ബുദ്ധിമുട്ടുകയാണ്.
ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹം ഗാന്ധിഭവനില്‍ എത്തിയിട്ട് എട്ടുവര്‍ഷമായെങ്കിലും അദ്ദേഹത്തെ കാണാന്‍ ചുരുക്കം ചില സഹപ്രവര്‍ത്തകരെ വന്നിട്ടുള്ളൂവെന്നും അദ്ദേഹത്തിന് അവസാന കാലം വരെ ഗാന്ധി ഭവന്‍ ശുശ്രൂഷ നല്‍കുമെന്നും അമല്‍രാജ് പറഞ്ഞു.
ഗാന്ധിഭവനിലെ പ്രധാന ഓഫീസിനു മുകളിലുള്ള മുറിയിലാണ് ടിപി മാധവന്‍ താമസിക്കുന്നത്. അവിടെ അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും സൂക്ഷിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലോഡ്ജില്‍ തനിച്ച് കഴിയുകയായിരുന്ന അദ്ദേഹത്തെ സീരിയല്‍ സംവിധായകന്‍ പ്രസാദാണ് ഗാന്ധി ഭവനില്‍ എത്തിച്ചത്.