കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ സമരം ചെയ്ത മൂന്ന് പേര് അറസ്റ്റില്‍. പി.ജെ. മാനുവല്‍, വി.സി. ജെന്നി, ഷൈജു കണ്ണന് എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റു ചെയ്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
ജപ്തി നടപടികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നടപടികള്‍ നിറുത്തിവച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രീത ഷാജിയുടെ 18.5 സെന്റ് വരുന്ന കിടപ്പാടം ജപ്തി ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പ്രീത ഷാജിയുടെ കുടുംബം ഒരു സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാനാണ് വസ്തു ജാമ്യം കൊടുത്തതായിരുന്നു. വായ്പാത്തിരിച്ചടവ് മുടങ്ങി കടം രണ്ടരക്കോടിയോളമായതോടെയാണ് ബാങ്ക് ജപ്തി നടപടിക്ക് ഒരുങ്ങിയത്. പിന്നീട് ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ 37.5 ലക്ഷം രൂപയ്ക്ക് ഭൂമി ലേലത്തില്‍ വിറ്റു നല്കി. എന്നാല്‍ ഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ പ്രീത ഷാജിയും കുടുംബവും തയാറായില്ല. തുടര്‍ന്നാണ് ഭൂമി ലേലത്തില്‍ വാങ്ങിയ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്.