മലയാളികൾ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. ചെറിയ വേഷങ്ങളിൽ മുൻപ് പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം പിന്നീട് ദൃശ്യത്തിലെ ക്രൂ രനായ പോലീസുകാരനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളർന്നത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംവിധായകനായും മാറിയിരിക്കുകയാണ്.
സിനിമയിലെ സീനിയർ താരങ്ങളായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും എന്നും ബഹുമാനത്തോടെ സംസാരിക്കുന്ന താരമാണ് ഷാജോൺ. നീണ്ട ഡയലോഗുകൾ കാണാതെ പഠിക്കാനും അത് അവതരിപ്പിക്കാനും താൻ പഠിച്ചത് മോഹൻലാലിന്റെ അടുത്ത് നിന്നാണെന്ന് ഷാജോൺ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ മെഗാതാരം മമ്മൂട്ടിയെ കുറിച്ചാണ് ഷാജോൺ പറയുന്നത്. താൻ സിനിമാ സംവിധാനത്തിലേക്ക് കടക്കാനിരിക്കെ മമ്മൂട്ടി നൽകിയ ഉപദേശത്തെ കുറിച്ചാണ് ഷാജോൺ പറയുന്നത്. സംവിധാനത്തിലേക്ക് പോകേണ്ട എന്നും അഭിനയിച്ച് കുറച്ച് പണമുണ്ടാക്കൂ എന്നും തന്നോട് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നാണ് കലാഭവൻ ഷാജോൺ ഓട്ടോ ജേർണലിസ്റ്റ് ബൈജു എൻ നായരോട് സംസാരിക്കവെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തിയത്.
കൂടാതെ സംവിധാനം നേരത്തെയായി എന്ന് തോന്നുന്നില്ല എന്നും ബൈജു എൻ നായരുടെ ചോദ്യത്തിന് ഉത്തരമായി ഷാജോൺ പറഞ്ഞു. താൻ സിനിമയിലെത്തിയിട്ട് ഇപ്പോൾ 25 വർഷമാകാറായി. 1999ലാണ് സിനിമയിലെത്തുന്നത്. 2019ലാണ് ഞാൻ സിനിമ സംവിധാനം ചെയ്യുന്നതെന്നും ഷാജോൺ വിശദീകരിക്കുന്നുണ്ട്,
താൻ കുറച്ച് നാളുകൾക്ക് മുമ്പ് മറ്റൊരു കാര്യത്തിനായി മമ്മൂക്കയെ കണ്ടിരുന്നു. അന്ന് സംവിധാനത്തിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചു. അടുത്തൊരു സിനിമയെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ് മമ്മൂക്ക ഈ ഉപദേശം തന്നതെന്നും ഷാജോൺ പറഞ്ഞു.
താൻ ആക്ടിങ്ങിൽ സജീവമായി നിൽക്കുന്ന ഈ സമയത്ത് സംവിധാനത്തിലേക്ക് പേകണ്ട എന്നും അഭിനയിച്ച് കുറച്ച് പൈസയുണ്ടാക്ക് എന്നും മമ്മൂക്ക ഉപദേശിക്കുകയായിരുന്നു. സംവിധാനം കുറച്ച് കഴിഞ്ഞിട്ട് ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറയുകയായിരുന്നു.
കൂടാതെ, തന്നെ സംബന്ധിച്ച് സംവിധാനത്തിന് ഒരു കിക്ക് കിട്ടിയിട്ടില്ല. സംവിധാനം ചെയ്താൽ ഇനി അഭിനയിക്കാൻ ചാൻസ് കിട്ടുമോ എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. ഇപ്പോ അതില്ലെന്നും ഷാജോൺ വിശദീകരിക്കുന്നുണ്ട്.
ഇക്കാലത്ത് സംവിധായകരും പ്രൊഡ്യൂസർമാരുമൊക്കെ അഭിനയിക്കുകയും നടൻമാർ സംവിധാനം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. ജോണി ആന്റണി ചേട്ടനൊക്കെ വന്ന് കത്തിനിൽക്കുകയല്ലേയെന്നും കലാഭവൻ ഷാജോൺ പറയുന്നു.
താൻ ബ്രദേഴ്സ് ഡേ സിനിമയുടെ സംവിധാനത്തിലേക്ക് വന്നത് പെട്ടെന്ന് സംഭവിച്ചതാണെന്നും താൻ സംവിധാനം ചെയ്യുകയാണെങ്കിൽ ഡേറ്റ് തരാമെന്ന് പൃഥ്വിരാജ് പറഞ്ഞത് കൊണ്ടാണ് ആ സിനിമ പെട്ടെന്ന് സംഭവിച്ചതെന്നും ഷാജോൺ വിശദീകരിച്ചു. കൂടാതെ, അവസരങ്ങൾ ലഭിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും ഷാജോൺ പറയുകയാണ്.