രജനികാന്തിന്റെ ഭാര്യ വഞ്ചന കേസില്‍ വിചാരണ നേരിടണമെന്ന് സൂപ്രീംകോടതി

8

ചെന്നൈ: ഒരു പരസ്യ കമ്പനിക്ക് നല്‍കാനുള്ള 6.20 കോടി രൂപ നല്‍കാതെ കബളിപ്പിച്ചുവെന്ന കേസില്‍ തമിഴ് സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ നേതാവുമായ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ലതക്കെതിരെ അന്വേഷണം നടത്തണമെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം വിചാരണ നേരിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2014ല്‍ രജനികാന്തും ദീപിക പദുകോണും അഭിനയിച്ച് രജനികാന്തിന്റെ മകളുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കൊച്ചടിയാന്‍’ എന്ന ചിത്രത്തെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്. 125 കോടി രൂപ ബജറ്റിലുള്ള ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി പത്ത് കോടി രൂപ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് നിന്നതോടെ പണം നല്‍കിയ കമ്പനി, ലത ഡയറക്ടറായിരിക്കുന്ന മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡ് തിരിച്ചടവ് മുടക്കിയെന്നും 6.2കോടി രൂപ ബാക്കിയാണെന്നും കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

Advertisements

പത്തു കോടിക്കു പുറമെ 1.2കോടി രൂപ സുനിശ്ചിത ലാഭമായി നല്‍കാമെന്ന് ലത രജനികാന്തിന്റെ കമ്പനി പണം നല്‍കിയ സ്ഥാപനത്തിന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കേസ് വഞ്ചന കുറ്റമല്ലെന്നും കരാര്‍ ലംഘനം മാത്രമാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈകോടതി ലതക്കെതിരായ നിയമനടപടികള്‍ റദ്ദാക്കി. എന്നാല്‍ ഹൈകോടതിക്ക് പരാതി ആരംഭഘട്ടത്തില്‍ തന്നെ റദ്ദാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.

നല്‍കാനുള്ള പണം ലത രജനികാന്ത് മൂന്നു മാസത്തിനകം നല്‍കണമെന്ന് ഫെബ്രുവരിയില്‍ കോടതി വിധിച്ചു. തുക ഉടനെ നല്‍കാമെന്ന് ലത കോടതിക്ക് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ പണം തിരിച്ചടക്കുന്നതില്‍ ലത വീഴ്ച വരുത്തിയതോടെ പണം നല്‍കിയില്ലെങ്കില്‍ വിചാരണ നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ സുപ്രീം കോടതി ലതക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

Advertisement