ന്യൂഡല്‍ഹി : സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസം ഉള്‍പ്പെട്ടുത്തിയിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ദു മല്‍ഹോത്രയും കേസ് പരിഗണിക്കുക. പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആദ്യമേ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ മൗലീകാവകാശം ലംഘിക്കുന്നുണ്ടോയെന്ന് ബെഞ്ച് പരിശോധിക്കും. ക്ഷേത്രപ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും.
ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ ആണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.