മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തിയ സിനിമ ഏതെന്ന് ചോദിച്ചാൽ മലയാളികൾ ഉടനടി ഉത്തരം പറയുന്ന മൂവിയാണ് ഹരികൃഷ്ണൻസ്. സാക്ഷാൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. മലയാളത്തിലെ രണ്ട് ബിഗ് എം കൾക്കും തുല്യമായ പ്രാധാന്യം നല്കികൊണ്ടാണ് അന്ന് ഫാസിൽ ഹരികൃഷ്ണൻസ് ചെയ്തത്.
വക്കീലൻമാരായ രണ്ട് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും എത്തിയത്. ‘അഡ്വ ഹരികൃഷ്ൻസാ’യിട്ടായിരുന്നു ഇവർ ചിത്രത്തിൽ വന്നത്. നായിക ‘മീര’യായി ജൂഹി ചൗളയും എത്തി. ഇന്നസെന്റ്, നെടുമുടി വേണു, ഷാമിലി, രാജീവ് മേനോൻ, കൊച്ചിൻ ഹനീഫ, സുധീഷ് തുടങ്ങി ഒട്ടേറെ പേർ ‘ഹരികൃഷ്ണൻസി’ന്റെ ഭാഗമായിരുന്നു.
ഇപ്പോഴിതാ, ‘ഹരികൃഷ്ണൻസി’ലെ ഇരട്ട ക്ലൈമാക്‌സിനെ വാഴ്ത്തി ‘ഹരികൃഷ്ണൻസ്’ ഒരു ബ്രില്യന്റ് സിനിമയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടതാണ് ആരാധകർ ചർച്ചയാക്കുന്നത്. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച അവാർഡ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
‘ഹരികൃഷ്ണൻസ്’ രണ്ട് പേർക്കും തുല്യ സ്‌പേസുള്ള ഒരു ചിത്രമായിരുന്നു. ‘ഹരി’യായി ഞാനും ‘കൃഷ്ണനാ’യി മോഹൻലാലും ആയിരുന്നു. രണ്ട് പേരാണെങ്കിലും അവർ ഒന്നായിരുന്നു. അങ്ങനെയായിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നതെന്ന് താരം വിശദീകരിച്ചു.
ചിത്രത്തിൽ ‘മീര’യെ രണ്ട് പേർക്കും കിട്ടി. എന്നാൽ രണ്ട് പേർക്കും കിട്ടിയില്ല. അങ്ങനെയായിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ട് ‘മീര’യെ തേടി നിരാശകാമുകൻമാരായി തങ്ങൾ താടിവെച്ച് നടക്കുകയാണ് എന്നും മമ്മൂട്ടി തമാശയായി പറയുകയാണ്. സംവിധായകൻ ഫാസിലിന്റെ സാന്നിധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മോഹൻലാലും ഈ സമയം വേദിയിൽ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
സംവിധായകൻ ഫാസിലിനെ കുറിച്ച് ആരാണ് ആദ്യം പറയുന്നത് എന്ന് അവതാരകനായ ജഗദീഷ് മമ്മൂട്ടിയോടും മോഹൻലാലിനോടുമായി ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ തമാശയോടെയുള്ള ഇടപെടൽ.
മോഹൻലാൽ മമ്മൂട്ടിയോട് നിങ്ങൾ ആദ്യം പറയൂ എന്ന് നിർദ്ദേശിച്ചപ്പോൾ, ‘കിണ്ണൻ’ പറയൂ എന്നായിരുന്നു സിനിമയെ ഓർമിപ്പിച്ച് മമ്മൂട്ടിയുടെ മറുപടി. പിന്നീട് മമ്മൂട്ടിയും ഷോയിൽ സംസാരിക്കുന്നുണ്ട്.
ഫാസിൽ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ഹരികൃഷ്ണൻസ്’ 1998ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ്. സുചിത്ര മോഹൻലാലാണ് ചിത്രത്തിന്റെ നിർമാണം.