മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി. താരം തന്റെ മോഡലിംഗിനോടുള്ളഇഷ്ടം മുമ്പും പങ്കിട്ടിരുന്നു.
സംവിധായകനായ അച്ഛന്‍ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നത് കേട്ടതോടെ മോഡലിങ്ങും ചെയ്യാന്‍ ആരംഭിച്ചു. അങ്ങനെയാണ് താരം സിനിമയിലും സീരിയലിലും എത്തിയത്.
ഇപ്പോഴിതാ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയെ കുറിച്ച് സാധിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എംഎല്‍എ മണി പത്താംക്ലാസ് എന്ന ചിത്രത്തില്‍ മണിയുടെ നായികയായി അഭിനയിച്ചത് സാധികയായിരുന്നു. മണിച്ചേട്ടന്റെ കൂടെ മറ്റ് നടിമാര്‍ അഭിനയിക്കാത്തതുകൊണ്ടാണ് തനിക്ക് ആ സിനിമ കിട്ടാന്‍ കാരണമെന്ന് സാധിക പറയുന്നു.
ആ സിനിമയിലേക്കുള്ള ഓഫര്‍ വന്നപ്പോള്‍ അഭിനയിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ മണിച്ചേട്ടനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കില്ലെന്ന് ആളുകള്‍ പറയുമോ എന്ന് വരെ താന്‍ അപ്പോഴാണ് ആലോചിക്കുന്നതെന്നും സാധിക പറയുന്നു.
സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉള്ളതുകൊണ്ടാണ് തനിക്ക് സിനിമകളില്‍ അവസരം കുറയുന്നത്. ആത്മാഭിമാനം വിട്ട് ഒന്നും ചെയ്യാന്‍ താനില്ലെന്നും ഇത്തരം ആവശ്യങ്ങളുള്ളത് കാരണമാണ് പല നടിമാരും സിനിമ വിട്ടതെന്നും സാധിക പറയുന്നു.