കാശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ വിവാദങ്ങളിൽ അകപ്പെട്ട സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഇപ്പോഴിതാ ഇന്ത്യയുടെ മികച്ച് നടന്മാരിൽ ഒരാളായ ഷാരുഖ് ഖാനെ കുറിച്ചും, നിർമ്മാതാവായ കരൺജോഹറിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദേശീയ മാധ്യമമായ ‘ഡി.എൻ.എ’യ്ക്കു നൽകിയ അഭിമുഖത്തിലാണ് വിവേക് അഗ്‌നിഹോത്രിയുടെ തുറന്നുപറച്ചിൽ. ‘
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എൻറ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കികൊണ്ടുവന്ന്, 10 വർഷം മുൻപ് താങ്കൾ ഇതൊക്കെയായിരുന്നു പറഞ്ഞതെന്നു ചൂണ്ടിക്കാട്ടുന്നവർക്കെല്ലാം ഒരു പാക്കറ്റ് ചോക്ലേറ്റ് കൊടുക്കണം. അവരോട് നന്ദിയുണ്ട്. ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്നല്ലേ അതിനർത്ഥം.’2024ലോ 2025ലോ കാശ്മീർ ഫയൽസ് വിഷയത്തിൽ എന്നെക്കാണാൻ വരുമ്‌ബോഴും ഞാൻ ഒരു കാര്യമാണു പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കിൽ എനിക്കാണു മോശം.
ദീർഘകാലം ഇടതുപക്ഷക്കാരനായാണു ഞാൻ ജീവിച്ചത്. ജീവിതത്തിന്റെ വലിയൊരു ഭാഗം വരുമത്. കുട്ടികളുണ്ടായപ്പോഴാണ് ഒരുപാടുകാര്യങ്ങൾ മനസിലാക്കുന്നത്. എന്റെ മക്കൾ വളരുമ്‌ബോൾ ഈ രാജ്യത്തുനിന്ന് അവർക്ക് എന്തു ലഭിക്കുമെന്ന് ആലോചിക്കാറുണ്ടായിരുന്നു ഞാൻ. ലോകത്തെ ഏറ്റവും വലിയ തത്വശാസ്ത്രങ്ങൾ ഉള്ളടങ്ങിയ ഒരു രാജ്യമായതുകൊണ്ടാണു നൂറ്റാണ്ടുകളോളം നാം അതിജീവിച്ചു മുന്നോട്ടുപോയതെന്ന തിരിച്ചറിവ് വരുന്നത് അങ്ങനെയാണ്.
ഇടതുപക്ഷ ആശയം കാരണം നമ്മുടെ രാജ്യത്തോടു ബന്ധമുള്ളതിനോടെല്ലാം വെറുപ്പായിരുന്നു. ലോകത്ത് എവിടെയൊക്കെ പോയാലും എല്ലാത്തിനോടും വെറുപ്പായിരുന്നു. അങ്ങനെയാണ് യാഥാർത്ഥ്യബോധത്തിലേക്കും വേരുകളിലേക്കും ഇറങ്ങണമെന്നു തീരുമാനിക്കുന്നത്. അതു തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർ സ്റ്റാറായുള്ള അമിതാഭ് ബച്ചന്റെ അരങ്ങേറ്റത്തിനുശേഷം ഇന്ത്യൻ സിനിമ ഒരിക്കലും യഥാർത്ഥ കഥകൾ പറഞ്ഞിട്ടില്ലെന്ന് വിവേക് അഗ്‌നിഹോത്രി ആരോപിച്ചു. ദീവാറിലല്ല, ഷെഹിൻഷ ഇറങ്ങിയ ശേഷമാണ് ഇതു സംഭവിച്ചത്. പ്രത്യേകിച്ചും കരൺ ജോഹറിന്റെയും ഷാരൂഖ് ഖാന്റെയും സിനിമകൾ. അവയാണ് ഇന്ത്യയുടെ സാംസ്‌കാരികഘടനയെ തന്നെ അപകടകരമായ തരത്തിൽ നശിപ്പിച്ചത്. അതുകൊണ്ടാണു യഥാർത്ഥവും സത്യസന്ധവുമായ കഥകൾ പറയേണ്ടതുണ്ടെന്നു താൻ തീരുമാനിച്ചതെന്നും വിവേക് അഗ്‌നിഹോത്രി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.