കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷവും രാജ്യത്ത് അനധികൃതമായി തുടരുന്ന താമസക്കാരെ പിടികൂടുന്നതിന് ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. ഏപ്രില്‍ 28ന് അവസാനിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 57000 പേര്‍ നാടുവിടുകയോ ഇഖാമ സാധുതയുള്ളതാക്കുകയോ ചെയ്‌തെങ്കിലും ഒരുലക്ഷത്തിലേറെ ആളുകള്‍ നിയമലംഘകരായി ഇനിയും രാജ്യത്തുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.
വ്യവസായ മേഖലകള്‍, സ്വകാര്യ പാര്‍പ്പിടമേഖലകളിലെ ബാച്ച്‌ലര്‍ താമസയിടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന. മുന്‍കാല പരിശോധനകളെക്കാള്‍ ശക്തമായ രീതിയിലുള്ള പരിശോധനയ്ക്കായി പദ്ധതി തയാറാക്കുന്നുണ്ടെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ ഇസാം അല്‍ നഹാം അറിയിച്ചു. ഇഖാമ നിയമലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവര്‍ക്കു വേണ്ടി കൂടിയാകും പരിശോധന.
നിയമലംഘനത്തിനു പിടിയിലാകുന്നവരുടെ സ്‌പോണ്‍സര്‍മാരെ ആഭ്യന്തരമന്ത്രാലയം വിളിച്ചുവരുത്തും. നിയമലംഘകരുടെ പാസ്‌പോര്‍ട്ടും തിരിച്ചയക്കുന്നതിനുള്ള വിമാന ടിക്കറ്റും എത്തിക്കേണ്ട ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാര്‍ക്കായിരിക്കും. വീഴ്ച വരുത്തുന്ന സ്‌പോണ്‍സര്‍മാരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ മരവിപ്പിക്കും. ഇഖാമ നിയമലംഘകര്‍ക്കു താമസസൗകര്യം നല്‍കുന്നതില്‍നിന്ന് സ്വദേശികളും വിദേശികളും വിട്ടുനില്‍ക്കണമെന്നും് ആഭ്യന്തരമന്ത്രാലയം അഭ്യര്‍ഥിച്ചു.