മലയാളം സിനിമയിലൂടെ വന്ന് പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന താരമാണ് മീര ജാസ്മിൻ. കുട്ടിത്തം നിറഞ്ഞുനിന്ന് നായികയിൽനിന്ന് ഇരുത്തം വന്ന നടിയാവാൻ മീരക്ക് അധികം സമയം വേണ്ടി വന്നില്ല. ലഭിച്ച കഥാപാത്രങ്ങളൊക്കെയും മീര അനശ്വരമാക്കി. മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോകുമെന്ന് പലരും വിധിയെഴുതിയപ്പോഴും മറ്റ് ഭാഷകളിലേക്ക് ചേക്കേറാൻ താരം മടി കാണിച്ചില്ല.
സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിച്ചത്. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആയിരുന്നു അവരുടെ രണ്ടാമത്തെ ചിത്രം, അതിൽ നവ്യാ നായർക്കും ദിലീപിനുമൊപ്പം മറ്റൊരു താരമായി മാറി.
പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും അവർ നേടിയിട്ടുണ്ട്.
മീര ജാസ്മിൻ 2014 ഫെബ്രുവരിയിലാണ് തിരുവനന്തപുരം സ്വദേശി അനിൽ ജോൺ ടൈറ്റസിനെ വിവാഹം ചെയ്തത്. പിന്നീട് യുഎസിലേക്ക് താമസംമാറിയ താരം ഈയടുത്തായാണ് സിനിമയിൽ സജീവമായത്.
കാളിദാസ് ജയറാം നായകനായെത്തിയ പൂമരം സിനിമയിൽ അതിഥി താരമായി മീര പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാളത്തിലെ ഒരു സിനിമയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് മീര ജാസ്മിൻ.
മുൻപ് മീരയുടെ തന്നെ നായകനായി തിളങ്ങിയ നരേനൊപ്പമാണ് താരത്തിന്റെ രണ്ടാം വരവ്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലേക്കും തുടക്കം കുറിച്ചിരിക്കുകയാണ് താരം.
മീര 2022 ൽ മകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മീര ജാസ്മിൻ തിരികെ എത്തിയിരുന്നു. മലയാളത്തിൽ ക്വീൻ എലിസബത്ത് എന്ന സിനിമയിൽ താരം അഭിനയിച്ചു കഴിഞ്ഞു. ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്.
ഇതിനിടെ തന്റെ ചേച്ചിയായിരുന്നു ക്വീൻ എലിസബത്തിന്റെ കഥ കേട്ടതെന്നും നിർബന്ധിച്ചിട്ടാണ് ഈ സിനിമയിലേക്ക് വന്നതെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ മീര പറയുന്നു.
തന്റെ ചേച്ചി നിർബന്ധം പിടിച്ചപ്പോഴാണ് ക്വീൻ എലിസബത്തിലേക്ക് വന്നത്. ആ സമയം യുഎസ്സിൽ ആയിരുന്നുവെന്നും മീര പറഞ്ഞു. ഇപ്പോൾ താൻ ഒരുപാട് മാറിയിട്ടുണ്ട്. ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണെന്നുമാണ് മീര ജാസ്മിൻ പറയുന്നത്.