തമിഴിൽ വൻ ആരാധകരെ സൃഷ്ടിച്ച കോമേഡിയന്മാരിൽ പ്രമുഖനാണ് വടിവേലു. സിനിമയിൽ നിന്ന ഇടവേള എടുത്തിരുന്ന താരം മാമന്നൻ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. ഇപ്പോൾ തമിഴ്‌നാട്ടിൽ ആഘോഷിക്കപ്പെടുകയാണ് അദ്ദേഹത്തിന്റെ മണ്ണ് എന്ന ക്യാരക്ടർ.
തന്റെ കരിയറലുടനീളം വടിവേലുവിനെതിരെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ ഇവയൊന്നും ഓൺസ്‌ക്രീനുമായി ബന്ധപ്പെട്ടതായിരുന്നില്ല. നടന്റെ ചില ഇടപെടലുകൾ മൂലം തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താരത്തെ വിലക്കിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് വടിവേലുവിന്റെ അപരൻ എന്നറിയപ്പെട്ടിരുന്ന കാതൽ സുകുമാർ.
കാതൽ സുകുമാർ പറഞ്ഞതിങ്ങനെ; ഞാൻ ഗുരുതുല്യനായി കാണുന്ന നടനാണ് വടിവേലു. ഒരിക്കൽ സിനിമയുടെ ഷൂട്ടിംഗിനിടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം വടിവേലു ആശുപത്രിയിലായി. ഇതറിഞ്ഞപ്പോൾ മറ്റുള്ളവരോടൊപ്പം ഞാനും ആശുപത്രിയിലേക്ക് ഓടിയെത്തി. പിന്നീട് അവിടെ നടന്നത് എന്നെ വിഷമിപ്പിച്ച സംഭവങ്ങളാണ്. അദ്ദേഹത്തെ കണ്ട് തിരിച്ച് പോരുന്നതിനിടയിൽ എന്നോട് മാത്രമായി എന്തോ സംസാരിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് അദ്ദേഹത്തിന്റെ പകരക്കാരനായി ഞാൻ ആഘോഷിക്കപ്പെടുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. എല്ലാ ഷോകളിലും, സിനിമകളിലും അദ്ദേഹത്തെ പോലെ അഭിനയിക്കാൻ ആണോ എന്റെ തീരുമാനം എന്ന് ചോദിച്ചു. ഞാൻ അങ്ങനെ ചെയ്യില്ല എന്ന് മറുപടി നല്കി. എന്റെ പുതിയ സിനിമയായ കലകലപ്പിൽ വടിവേലുവിനെ പോലെയാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞു.
മറ്റുള്ള അവസരങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നതെന്നും, അണിയറപ്രവർത്തകർ നിർബന്ധിച്ചിരുന്നു എന്നും ഞാൻ പറയാൻ തുടങ്ങുകയായിരുന്നു. എന്നാൽ ഞാൻ പറഞ്ഞ് തീരുന്നതിന് മുമ്പേ തലക്ക് പിറകിൽ നിന്ന അടികിട്ടി. ഞാൻ താഴെ വീണു. അദ്ദേഹത്തെ ഇനി ഒരിക്കലും അനുകരിക്കില്ലെന്നും, ആ നഗരം തന്നെ വിട്ട് പോയിക്കോളാം എന്നും അവസാനം എനിക്ക് ഉറപ്പ് കൊടുക്കേണ്ടി വന്നു. ചില സമയത്ത് സിനിമാ നടന്മാർ രാഷ്ട്രീയക്കാരെ പോലെയാണ് പെരുമാറുക എന്നാണ് സുകുമാർ പറഞ്ഞത്.