യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും എത്തി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ.
സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്.
ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാമ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. വലിയ ഹിറ്റായ ചിത്രം താരത്തിന് ഏറെ പ്രശംസയും നേടി കൊടുത്തിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ദേയമാകുന്നത്.
ഉണ്ണി മുകുന്ദനെ താൻ കണ്ടത് ആദ്യത്തെ സിനിമ അപ്രതീക്ഷിതമായി മുടങ്ങിയ അവസ്ഥയാലായിരുന്നു എന്നും എന്നാൽ ഇന്ന് താരം ഗോഡ് ഫാദർ ഇല്ലാതെ സിനിമാലോകത്ത് പൊരുതി ജയിച്ചിരിക്കുകയാണ് എന്നും സിബി മലയിൽ പ്രശംസിച്ചു.
ഉണ്ണി തോറ്റ് പിന്മാറാൻ ഒരിക്കലും തയ്യാറായിരുന്നില്ല. ഉണ്ണി ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളിലെ ബിരുദദാന ചടങ്ങിൽ വച്ച് സംവിധായകൻ പ്രശംസ ചൊരിഞ്ഞു.
ഉണ്ണി മുകുന്ദനെ ആദ്യമായി കണ്ടതിനെ കുറിച്ചും സിബി മലയിൽ സംസാരിക്കുന്നുണ്ട്. ലോഹിതദാസ് മ രി ക്കുന്നതിന് മൂന്നാഴ്ച മുൻപ്, വലിയ ഇടവേളയ്ക്ക് ശേഷം തങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഒരുമിച്ച് ഉണ്ടായിരുന്നു.
ഈ സമയത്ത് താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും ലോഹി പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്.
ആ യുവാവ് ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തന്റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാൾ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി.
അന്ന് മ ര ണവീട്ടിലെ സന്ധ്യയിൽ ഒരാൾ തന്റെ അരികിൽ വന്നു. ‘സാർ ഞാനാണ് ഉണ്ണി മുകുന്ദൻ. ലോഹി സാറിന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു’ എന്ന് പറഞ്ഞു.
എല്ലാ പ്രതീക്ഷകളും ഒറ്റ ദിവസം കൊണ്ട് ഇല്ലാതെയായെന്നും പറയുമ്പോഴാണ് താൻ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്. ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന നിമിഷത്തിലാണ് ഉണ്ണിയെ ആദ്യം കണ്ടുമുട്ടിയത്.
എന്നാൽ അയാൾ അവിടെ തോറ്റ് പിന്മാറാൻ തയ്യാറായില്ല. താനൊരു ഫൈറ്റർ ആണെന്ന് ഉണ്ണി ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദൻ എന്നും സിബി മലയിൽ പറഞ്ഞു.
മേപ്പടിയാൻ എന്ന സിനിമ താൻ ഒടിടിയിലാണ് കാണുന്നത്. അത്തരമൊരു സിനിമ നിർമ്മിക്കാനും അതിൽ അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു കോൺഫിഡൻസ് ഉണ്ടല്ലോ അത് ആ കഥയോടുള്ള വിശ്വാസമാണെന്നും സിബി മലയിൽ പറയുന്നു.
മേപ്പടിയാൻ കണ്ട ഓരോരുത്തരുടെയും ഉള്ളുലക്കുന്ന രീതിയിലുള്ള കഥയാണ് ആ സിനിമയുടേത്. അത് ഏറ്റവും നന്നായി ചെയ്യാൻ ഉണ്ണിക്ക് കഴിഞ്ഞു. ആക്ഷൻ ഹീറോ ഇമേജിൽ നിന്ന് മാറി കിട്ടിയ ഒരു അവസരത്തെ നന്നായി ഉപയോഗിക്കാൻ ഉണ്ണിക്ക് കഴിഞ്ഞെന്‌നും പിന്നീട് എത്തിയ മാളികപ്പുറവും അങ്ങനെ തന്നെയാണെന്നും സിബി മലയിൽ പരാമർശിച്ചു.
ഒരു താരത്തിന്റെ വളർച്ചയിലെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത്. ആ യാത്ര ഏറ്റവും പെട്ടെന്ന് സാധിക്കട്ടെയെന്ന് ആശംസിക്കുകയാണെന്നും അദ്ദേഹം പറയുന്നു.