സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 2022 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്. മികച്ച ചിത്രവും നൻപകൽ നേരത്ത് മയക്കം ആണ്.
മികച്ച നടിയായി വിൻസി അലോഷ്യസിനെ തെരഞ്ഞെടുത്തു. രേഖ എന്ന സനിമക്കാണ് അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശ്തി പത്രവുമാണ് സമ്മാനം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് മികച്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനവുമായി കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാൻ വലിയ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിന് എസ്. ഹരീഷാണ് തിരക്കഥ എഴുതിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്. ഛായാഗ്രഹണം തേനി ഈശ്വറും എഡിറ്റിങ് ദീപു ജോസഫും ആണ് നിർവഹിച്ചിരിക്കുന്നത്.
അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. ജിതിൻ ഐസക്ക് തോമസാണ് രേഖ സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകൻ കാത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ചേഴ്‌സാണ് സിനിമയെ അവതരിപ്പിക്കുന്നത്. പ്രേമലത തൈനേരി,രഞ്ജി കാങ്കോൽ,രാജേഷ് അഴിക്കോടൻ,പ്രതാപൻ കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ച ചിത്രങ്ങൾ. അതിൽ നിന്ന് അവസാന റൗണ്ടിൽ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷൻ.
സംസ്ഥാന അവാർഡ് വിവരങ്ങൾ ചുവടെ
മികച്ച ചിത്രം- നൻപകൽ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി), മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്), മികച്ച നടൻ – മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം), മികച്ച നടി- വിൻസി അലോഷ്യസ് (രേഖ), മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് (സംവിധാനം ജിജോ ആൻറണി),
അഭിനയം (പ്രത്യേക ജൂറി പരാമർശം)- കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ (അപ്പൻ), സ്വഭാവ നടി- ദേവി വർമ്മ (സൗദി വെള്ളയ്ക്ക), സ്വഭാവ നടൻ- പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
നവാഗത സംവിധായകൻ- ഇലവീഴാപൂഞ്ചിറ (ഷാഹി കബീർ), ജനപ്രീതിയും കലാമേന്മയും-ന്നാ താൻ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), നൃത്തസംവിധാനം-ഷോബി പോൾ രാജ് (തല്ലുമാല)
ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ)- പൗളി വൽസൻ (സൗബി വെള്ളയ്ക്ക), ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ)- ഷോബി തിലകൻ (പത്തൊൻപതാം നൂറ്റാണ്ട്), വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളയ്ക്ക)
മികച്ച മേക്കപ്പ്-റോണക്‌സ് സേവ്യർ (ഭീഷ്മ പർവ്വം), ശബ്ദരൂപകൽപ്പന- അജയൻ അടാട്ട് (ഇലവീഴാപൂഞ്ചിറ)
ശബ്ദമിശ്രണം-വിപിൻ നായർ (ന്നാ താൻ കേസ് കൊട്), സിങ്ക് സൌണ്ട്-വൈശാഖ് വിവി (അറിയിപ്പ്), കലാസംവിധാനം-ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്) എഡിറ്റിംഗ്- നിഷാദ് യൂസഫ് (തല്ലുമാല)
പിന്നണി ഗായിക- മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്),പിന്നണി ഗായകൻ- കപിൽ കപിലൻ (കനവേ, പല്ലൊട്ടി നയൻറീസ് കിഡ്‌സ്), പശ്ചാത്തല സംഗീതം- ഡോൺ വിൻസെൻറ് (ന്നാ താൻ കേസ് കൊട്)
മികച്ച സംഗീത സംവിധാനം-എം ജയചന്ദ്രൻ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ), മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്).
മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്), മിക്കച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്) മികച്ച കഥാകൃത്ത്- കമൽ കെ എം (പട)
മികച്ച ബാലതാരം (പെൺ)- തന്മയ സോൾ (വഴക്ക്), മികച്ച ബാലതാരം (ആൺ)- മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്‌സ്).
മികച്ച ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങൾ (സി എസ് വെങ്കടേശ്വരൻ), മികച്ച ലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്), സ്ത്രീ, ട്രാൻസ്‌ജെൻഡർ പുരസ്‌കാരം- ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതൽ 44 വരെ), മികച്ച വിഎഫ്എക്‌സ്- അനീഷ് ടി, സുമേഷ് ഗോപാൽ (വഴക്ക്), കുട്ടികളുടെ ചിത്രം- പല്ലൊട്ടി: നയൻറീസ് കിഡ്‌സ്. നിർമ്മാണം സാജിദ് യഹിയ, സംവിധാനം ജിതിൻ രാജ്.