റിയാദ്: വീട്ടുഡ്രൈവറായി ആറുവര്‍ഷം സൗദിയില്‍ ജോലി ചെയ്ത് ഒടുവില്‍ സ്‌പോണ്‍സര്‍ കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കാനും നാട്ടില്‍ പോകുവാനുമാകാതെ സൗദിയില്‍ കുടുങ്ങി കഴിയുന്ന തിരുവനന്തപുരം സ്വദേശി സക്കീര്‍ ഹുസൈന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. നിരന്തരം ട്രാഫിക് പിഴ വരുത്തുന്നു എന്നും വാഹനത്തിനു കേടുപാടുകള്‍ വരുത്തുന്നുവെന്നും ടയര്‍ പഞ്ചറായ വാഹനം ഓടിച്ചു എന്നുമുള്ള സ്‌പോണ്‍സറുടെ പരാതി മറികടക്കാന്‍ സ്‌പോണ്‍സറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ പൊലീസിനെ വിളിച്ചു കള്ളകേസില്‍ കുടുക്കുകയായിരുന്നന്നു.
തന്റെ ഡ്രൈവര്‍ വീട്ടുകാരോട് മോശമായി പെരുമാറുന്നു എന്നും വാഹനം കേടാക്കി 20,000 റിയാല്‍ നഷ്ടം വരുത്തി എന്നുമാണ് സ്‌പോണ്‍സര്‍ പൊലിസില്‍ നല്‍കിയ കള്ളകേസ്. തുടര്‍ന്ന് പൊലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലാക്കുകയും ചെയ്തു. ആറ് മാസം തടവും 70 ചാട്ടവാറടിയും നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ. തടവും അടിശിക്ഷയും കഴിഞ്ഞിട്ടും സ്വന്തം സ്‌പോണ്‍സര്‍ പരാതികാരന്‍ ആയതിനാല്‍ സ്‌പോണ്‍സറുടെ ഫൈനല്‍ സ്‌റ്റേറ്റ്‌മെന്റ് കൂടി കിട്ടിയാല്‍ മാത്രമേ സക്കീര്‍ ഹുസൈന് നാട്ടില്‍ പോകാന്‍ കഴിയുകയുള്ളു എന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്‌റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
ഇതേതുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ ‘പഌസ് ഇന്ത്യ’ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറയും ചെയര്‍മാന്‍ ലത്തീഫ് തെച്ചിയും അടങ്ങുന്ന പ്രവര്‍ത്തകര്‍ സ്‌പോണ്‍സറുടെ വീട്ടില്‍ എത്തി നടത്തിയ അനുരജ്ഞന ചര്‍ച്ചയില്‍ 20,000 റിയാല്‍ എന്നുള്ളത് 5000 റിയാലാക്കി കുറച്ചു. 5000 റിയാല്‍ നല്‍കിയാല്‍ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് വിസ നല്‍കി വിടാമെന്നാണ് സ്‌പോണ്‍സറുമായുള്ള ധാരണ.
നാട്ടില്‍ വാടക വീട്ടില്‍ കഴിയുന്ന ഉമ്മയും ഭാര്യയും നാലുമക്കളും ഉള്ള സക്കീര്‍ ഹുസൈന്‍ ഒന്നര വര്‍ഷത്തോളമായി ജോലിയോ ശമ്ബളമോ ഇല്ലാതെ നാട്ടില്‍ പണമയക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. സ്‌പോണ്‍സര്‍ക്ക് കൊടുക്കാനുള്ള പണത്തിനു സുമനസ്സുകളുടെ സഹായം തേടുകയാണിപ്പോള്‍. നിയമപരമായ എല്ലാവിധ സഹായവും നാട്ടില്‍ പോകാനുള്ള ടിക്കറ്റും പഌസ് ഇന്ത്യ എന്ന സംഘടന വാഗ്ദാനം നല്‍കിയിട്ടുണ്ട് എന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
ഇദ്ദേഹത്തെ സഹായിക്കാന്‍ താല്പരൃമുള്ള സുമനസ്സുകള്‍ പഌസ് ഇന്ത്യ സെക്രട്ടറി സൈഫുദ്ധീന്‍ എടപ്പാള്‍(00966502417945) ജോയിന്‍ സെക്രട്ടറി മന്‍സൂര്‍ കാരയില്‍(മൊബൈല്‍ 00966549882200) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.