മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.
സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു
കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്.
മിക്കവാറും താരങ്ങളെല്ലാം ഇവരുടെ വീട്ടിലെ കാര്യങ്ങളാണ് വീഡിയോയിലൂടെ പങ്കുവെയ്ക്കാറുള്ളത്. എന്നാൽ സോഷ്യൽമീഡിയയിൽ മാത്രമല്ല സോഷ്യൽ കമ്മിറ്റ്‌മെന്റ്‌സിലും മുന്നിൽ തന്നെയാണ് തങ്ങളെന്ന് തെളിയിക്കുകയാണ് കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണകുമാറിന്റെ വീട്ടിലെ അഞ്ച് സ്ത്രീകളായ അഹാന കൃഷ്ണയും ദിയ, ഇഷാനി, ഹൻസിക എന്നിവരും അവരുടെ അമ്മ സിന്ധുവും ചേർന്ന് ഒരു പുതിയ സ്വപ്നപദ്ധതി ആരംഭിച്ചിരുന്നു.
‘അഹാദിഷിക ഫൗണ്ടേഷൻ ‘എന്ന സന്നദ്ധസേവാ സംഘടനയാണ് ഇവർ ആരംഭിച്ചിരിക്കുന്നത്. മുൻപ് തന്നെ ഈ സംഘടനയ്ക്ക് കീഴിൽ സഹായങ്ങൾ ഇവർ നൽകിയിരുന്നു. ഇപ്പോഴിതാ സംഗടനയ്ക്ക് ഒരു ഓഫീസും ആരംഭിച്ചിരിക്കുകയാണ് തിരുവനന്തപുരത്ത്. കഴിഞ്ഞ ദിവസം ഇതിന്റെ ഓഫീസ് തിരികൊളുത്തി കേന്ദ്രമന്ത്രി വി മുരളീധരനും അദ്ദേഹത്തിന്റെ പത്‌നിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
ഈ താരകുടുംബത്തിന് വലിയ ആശംസകളാണ് പുതിയ ഉദ്യമത്തിലൂടെ ലഭിക്കുന്നത്. കൃഷ്ണകുമാർ മക്കളുടെയും ഭാര്യയുടെയും ഈ സന്നദ്ധ പ്രവർത്തനത്തെ കുറിച്ച് പറയുന്നതിങ്ങനെ: ശ്രീപത്മനാഭന്റെയും, മാതാപിതാക്കളുടെയും, ഗുരുജനങ്ങളുടെയും പിന്നെ നിങ്ങളോരോരുത്തരുടെയും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും അകമഴിഞ്ഞ നന്ദിപറഞ്ഞുകൊണ്ടു തുടങ്ങട്ടെ. അഹാദിഷിക ഫൗണ്ടേഷൻ അതിന്റെ പുതിയ ഓഫീസ് ഇന്നുമുതൽ പ്രവർത്തനമാരംഭിച്ചു. ഇന്നുരാവിലെ മുരളിയേട്ടനും ഭാര്യ ഡോ. ജയശ്രീയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഇനി ഈ ഫൗണ്ടേഷനെ കുറിച്ച് പറയുകയാണെങ്കിൽ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട്, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കുക, അവരെ കൈപിടിച്ചുയർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ മുഖ്യലക്ഷ്യം. ഇതിനോടകം തന്നെ വിതുരയിലെ വളരെ പിന്നാക്കം നിൽക്കുന്ന മേഖലയിൽ നമ്മുടെ പ്രധാനമന്ത്രി മോദിജിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിൽ നിന്നും പ്രചോദനം കൊണ്ട് ഒൻപതോളം ശൗചാലയങ്ങൾ നിർമ്മിച്ച് നൽകിക്കഴിഞ്ഞു.
വിദ്യാർത്ഥികൾക്ക് പഠന സഹായികൾ, മൊബൈൽ ഫോണുകൾ, അംഗ വൈകല്യമുള്ളവർക്ക് വീൽ ചെയറുകൾ എന്നിവ നൽകാനും ഫൗണ്ടേഷന് ഇതിനോടകം സാധിച്ചു. കൂടുതൽ ടോയ്ലെറ്റുകളും, പാവപ്പെട്ടവർക്ക് വീടുകളും നിർമ്മിച്ച് നൽകാനുള്ള പദ്ധതിയുടെ തയാറെടുപ്പിലാണ് ഇപ്പോൾ അഹാദിഷിക. അഹാനയും ദിയയും ഇഷാനിയും ഹൻസികയും പിന്നെ സിന്ധുവും ചേർന്ന് കണ്ട ഒരു സ്വപ്നം ഇന്നിപ്പോഴത് ഒരുപിടി സഹോദരിമാരുടെയും കൂടി സ്വപ്നസാക്ഷാത്കാരത്തിനുതകുന്നതായി മാറുന്നത് കാണുമ്പോൾ ഒരച്ഛനെന്ന നിലയിലും, കുടുംബനാഥനെന്ന നിലയിലും, പിന്നെ ഒരു പൊതുപ്രവർത്തകനെന്ന നിലയിലും എനിക്കുള്ള ആഹ്ലാദവും അഭിമാനവും വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാവുന്നതല്ല എന്നും കൃഷ്ണകുമാർ പറയുന്നു.