നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐയ്ക്കും സര്‍ക്കാരിനും നോട്ടീസ്

9

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനും നടനുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി സി.ബി.ഐയ്ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. ജൂലായ് നാലിനകം മറുപടി നല്‍കണം.
കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പക്ഷപാതപരമാണെന്നും ദിലീപ് ഇന്നലെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ തെളിവില്ലെന്നും തനിക്ക് പങ്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ അവകാശപ്പെട്ടു. ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തത്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ല. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. അതേസമയം കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപ് നടത്തുന്നതെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കേസില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ 18ന് വിധി വരും. വിധി വന്നാല്‍ ഉടന്‍ വിചാരണ തുടങ്ങും. ഈ സാഹചര്യത്തില്‍ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപിന്റെ പുതിയ ഹര്‍ജിയെന്നാണ് പ്രോസിക്യുഷന്റെ ആരോപണം.

Advertisement