ഫസ്റ്റ്‌ബെൽ എന്ന ചിത്രത്തിലൂടെ തിക്കഥാകൃത്തായി മലയാളത്തിലേക്ക് എത്തിയ വ്യക്തിയാണ് ബെന്നി പി നായരമ്പലം. അദ്ദേഹം തിരക്കഥയെഴുതിയ ഭൂരിഭാഗം ചിത്രങ്ങളും ബ്ലോക്കബസ്റ്റേഴ്‌സ് ആയി. രാജൻ പി.ദേവിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി പത്തൊൻപതാം വയസ്സിൽ ബെന്നി തന്റെ ആദ്യത്തെ നാടകമായ ‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി’ എഴുതി. അതിൽ അദ്ദേഹം രാജന്റെ മകനായും അഭിനയിച്ചു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ കോമഡിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ബെന്നി. മമ്മൂട്ടി കോമഡി ചെയ്താൽ വിജയിക്കില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തൊമ്മനും മക്കളും എന്ന സിനിമ എന്നാണ് ബെന്നി പറഞ്ഞത്. സഫാരി ചാനലിന് നല്കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. അദ്ദേഹം പറഞ്ഞതിങ്ങനെ; തൊമ്മനും മക്കളും എന്ന ചിത്രത്തിൽ മമ്മൂക്ക ഗംഭീരമായി തന്നെ പെർഫോം ചെയ്തു. ആ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിച്ചു. മമ്മുക്ക പറയുന്ന ഹ്യൂമറിൽ തിയേറ്റർ മുഴുവൻ ചിരിച്ചപ്പോൾ മമ്മൂക്കക്ക് തന്നെ ഭയങ്കര ആത്മവിശ്വാസമായി. മമ്മൂക്ക ആ ഇടക്ക് പല ഇന്റർവ്യൂവിലും എനിക്ക് ധൈര്യം തന്നത് ബെന്നിയും ഷാഫിയുമാണെന്ന് പറഞ്ഞിട്ടുണ്ട്,’.
തൊമ്മനും, മക്കളും ഷൂട്ടിങ്ങ് സമയത്ത് മമ്മൂട്ടിയുടെ കാറിലാണ് എന്റെ യാത്ര. മമ്മൂക്കയായിരിക്കും ഡ്രൈവ് ചെയ്യുന്നത്. ഞങ്ങൾ ഒരുമിച്ച് പൊള്ളാച്ചിയിലെ ഹോട്ടലിലേക്ക് വരും. വരുന്ന വഴിയിൽ പിന്നാലെയായിരിക്കും ലാലേട്ടനും, ഷാഫിയുമൊക്കെ വരുന്നത്. പലപ്പോഴും സ്പീഡിൽ വണ്ടി ഓടിക്കുന്ന സ്വഭാവമുണ്ട് മമ്മൂക്കക്ക്. അത്‌കൊണ്ട് മമ്മൂക്കയുടെ കൂടെയിരിക്കണമെങ്കിൽ ഒരു സഞ്ചിയുമായി ഇരിക്കണമെന്ന് ലാൽ ഇടക്ക് കളിയാക്കാറുണ്ട്.
വണ്ടിയുമായി പോകുന്ന സമയത്ത് മമ്മൂക്കയുടെ ചില കുസൃതികളുണ്ട്. വണ്ടി ഓടിച്ച് വേഗത്തിൽ പോകും എന്നിട്ട് പുറകെയുള്ളവർ പിന്നാലെ എത്തുമ്‌ബോൾ അവരെ കടത്തിവിടും. എന്നിട്ട് കുറച്ചു കഴിഞ്ഞ് വീണ്ടും ഓവർടേക്ക് ചെയ്യും. അല്ലെങ്കിൽ ഏതെങ്കിലും പോക്കറ്റ് റോഡിലേക്ക് കയറി കാർ കാണാത്ത വിധം നിർത്തിയിടും, മെയിൻ റോഡിലൂടെ വരുന്ന ലാലേട്ടനൊക്കെ മമ്മൂക്ക പോയെന്ന് വിചാരിക്കും. അവർ കടന്ന് പോയെന്ന് മനസിലാക്കി കഴിയുമ്‌ബോൾ വണ്ടി എടുത്ത് അവരുടെ പിന്നിൽ ചെന്ന് ഹോൺ അടിക്കും.
‘മമ്മുക്ക അഭിനയിക്കുന്ന എല്ലാ ലൊക്കേഷനിലും മമ്മൂക്കയുടെ പേരിൽ എല്ലാവർക്കും സ്‌പെഷ്യലായി ബിരിയാണി നൽകും. ബിരിയാണി ഉണ്ടാക്കുന്ന വളരെ പ്രഗൽഭരായ ആളുകൾ വന്ന് ഉണ്ടാക്കുന്നതാകും. പല തരത്തിലുള്ള ബിരിയാണികളും ഉണ്ടാകും. അത് പ്രൊഡക്ഷനിലുള്ള എല്ലാവർക്കും നൽകി അദ്ദേഹം സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. എന്നാണ് ബെന്നി പി നായരമ്പലം പറഞ്ഞത്.