മോദി കെയര്‍ വിപുലീകരിക്കാനൊരുങ്ങി കേന്ദ്രം; ലക്ഷ്യം 50 കോടി തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍

18

ന്യൂഡല്‍ഹി: 50 കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ‘മോദി കെയര്‍’ പദ്ധതി വിപുലീകരിക്കാനൊരുങ്ങി കേന്ദ്രം. ആരോഗ്യ പരിരക്ഷാ പദ്ധതി പോലെ അസംഘടിത മേഖലയിലെ ഉള്‍പ്പെടെ 50 കോടി തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതികളാണു ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ നീക്കം നടക്കുന്നത്.

രാജ്യത്തെ തൊഴിലാളികള്‍ക്കായി വയോജന പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഗര്‍ഭകാല ആനുകൂല്യങ്ങള്‍ തുടങ്ങിയവ നല്‍കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും ഉള്‍പ്പെടെയായിരിക്കും ഇതിന്റെ ഗുണഫലം ലഭ്യമാകുക. രാജ്യത്തെ 90 ശതമാനത്തിലേറെ വരുന്ന തൊഴിലാളികളും അസംഘടിത വിഭാഗത്തിലാണ്. ഇവര്‍ക്കാകട്ടെ യാതൊരുവിധ സാമൂഹിക ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) പകുതിയോളം അസംഘടിത തൊഴില്‍ മേഖലയുടെ സംഭാവനയാണെങ്കിലും ജിഡിപിയുടെ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണു സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കു ചെലവഴിക്കുന്നത്.

Advertisements

പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലിന്റെ കരടു രൂപം സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ബില്‍ അവതരിപ്പിക്കുന്ന കാര്യം തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാര്‍ ഒരു വിദേശ മാധ്യമത്തോടു വെളിപ്പെടുത്തിയിരുന്നു. ജൂലൈയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. തൊഴിലുമായി ബന്ധപ്പെട്ട 15 കേന്ദ്രനിയമങ്ങള്‍ ലഘൂകരിച്ച് ഒന്നായി കൂട്ടിച്ചേര്‍ത്താണു ബില്‍ തയാറാക്കിയിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൂര്‍ണ തോതില്‍ പദ്ധതിയുണ്ടാകില്ല. ആദ്യഘട്ടത്തില്‍ ആറു ജില്ലകളിലായിരിക്കും നടപ്പാക്കുക.

Advertisement