മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വെള്ളിനക്ഷത്രത്തിലൂടെ എത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കുഞ്ഞുതാരമായിരുന്നു തരുണി സച്ചിദേവ്. ബേബി തരുണി അന്ന് ഒത്തിരി ആരാധകരെയായിരുന്നു സ്വന്തമാക്കിയത്.
വെള്ളിനക്ഷത്രത്തിന് ശേഷം നിരവധി സിനിമകളില്‍ തരുണിക്ക് അവസരം ലഭിച്ചിരുന്നു. തന്റെ നാലാമത്തെ വയസ്സിലായിരുന്നു തരുണി വെള്ളിനക്ഷത്രത്തില്‍ അഭിനയിച്ച് കൈയ്യടി നേടിയത്.
പിന്നീട് അമിതാഭ് ബച്ചനൊപ്പം ഒരു ഹിന്ദി ചിത്രത്തിലും താരം അഭിനയിച്ചു. സിനിമകളില്‍ മാത്രമല്ല, വിവിധ കമ്പനികളുടെ പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ നല്ലൊരു ഭാവിയുണ്ടാവേണ്ടിയിരുന്ന താരം എന്നാല്‍ 2012 ല്‍ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു.
ഒരു വിമാനാപകടത്തിലായിരുന്നു തരുണി മരണപ്പെട്ടത്. തരുണിക്കൊപ്പം അമ്മയും അന്ന് മരിച്ചു. ഭാവിയില്‍ സിനിമയില്‍ തിളങ്ങുന്ന നായികയാവേണം എന്ന സ്വപ്‌നം ബാക്കിയാക്കിയായിരുന്നു തരുണി യാത്രയായത്.
സാധാരണ യാത്രകള്‍ പോകുമ്പോള്‍ തരുണി കൂട്ടുകാരോടൊന്നും പറയാറുണ്ടായിരുന്നില്ല. എന്നാല്‍ അപകടത്തിന് മുമ്പുള്ള യാത്രയില്‍ കൂട്ടുകാരെ കണ്ട് കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞായിരുന്നു പോയത്. അത് മാത്രമല്ല, വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഈ വിമാനം അപകടത്തില്‍പ്പെട്ട് താന്‍ മരിച്ചുപോയാലോ എന്ന് പറഞ്ഞിട്ടുമുണ്ടെന്ന് ഒരു കൂട്ടുകാരി ഓര്‍ക്കുന്നു.
താന്‍ മരിക്കുമെന്ന് തരുണി മുന്‍കൂട്ടി കണ്ടതുപോലെയായിരുന്നു അന്ന് സംസാരിച്ചതെന്ന് കൂട്ടുകാരി പറയുന്നു. തരുണിയുടെ മരണം മലയാള സിനിമാപ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.