മലയാളി സിനിമാ ടിവി പ്രേക്ഷകരെയെല്ലാം ദുഖത്തിലാഴ്ത്തിയ കൊല്ലം സുധിയുടെ വിയോഗ വാർത്ത ഉൾക്കൊള്ളാൻ ആകുന്നില്ലെന്ന് സുധി അടക്കമുള്ളവർ പങ്കെടുക്കുന്ന സ്റ്റാർ മാജിക് ഷോയുടെ അവതാരക കൂടിയായ ലക്ഷ്മി നക്ഷത്ര. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം.
നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം സുധിയുടെ മരണ വാർത്ത കേട്ട് നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും തനിക്ക് വാക്കുകൾ കിട്ടാത്ത അവസ്ഥയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.
എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടൻ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ. അദ്ദേഹം ഇപ്പോൾ ഏത് ലോകത്ത് ആയാലും ആ ചിരി മാഞ്ഞു പോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടു പോകേണ്ടത് ഇല്ലായിരുന്നു എന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.
ഹാസ്യരംഗത്ത് ഏറെക്കാലമായി സജീവമായിരുന്ന സുധി ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നത്. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും നിരവധി ആരാധകരെയാണ് സുധി നേടിയെടുത്തത്. പല ചിത്രങ്ങളിലും കോമഡി കഥാപാത്രങ്ങളെ സുധി അവതരിപ്പിച്ചിട്ടുണ്ട്.
സ്റ്റാർ മാജിക് എന്ന ചാനൽ പരിപാടിയിലും സുധി സ്ഥിരം സാന്നിധ്യമാണ്. കൊല്ലം സുധി 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരവേ സുധി സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം സുധി കൊല്ലപ്പെട്ട വാഹനാപകടം നടന്നയിടം സ്ഥിരം അപകട കേന്ദ്രമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ച മുൻപ് ഇതേസ്ഥലത്ത് നടന്ന മറ്റൊരപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നിർത്തിയിട്ട ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയിടിച്ച് ടാങ്കർ ലോറി ഓടിച്ചിരുന്ന ഡ്രൈവർ മരണമടയുകയായിരുന്നു.