നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ലാൽ ജോസ്. പ്രശസ്ത സംവിധായകൻ കമലിന്റെ സഹായിയായി സിനിമ രംഗത്തെത്തിയ ലാൽ ജോസ് പിന്നീട് മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറുകയായിരുന്നു. ലോഹിതദാസിന് ഒപ്പവും ലാൽ ജോസ് സഹസംവിധായകനായി ജോലി ചെയ്തിരുന്നു.
അതേ സമയം ലാൽ ജോസ് ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി നായതനായ സൂപ്പർഹിറ്റ് സിനിമ ഒരു മറവത്തൂർ കനവ്. ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി താൻ മറവത്തൂർ കനവ് സംവിധാനം ചെയ്യുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ തനിക്ക് എതിരെ മമ്മൂട്ടിക്ക് ആരോ ഒരു ഊമക്കത്ത് അയച്ചുവെന്ന് ലാൽ ജോസ് നേരത്തെ വെളിപ്പെടുത്തിയരുന്നു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് ഇക്കാര്യം പറഞ്ഞത്. ലാൽജോസിന്റെ വാക്കുകൾ ഇങ്ങനെ:
ഭൂതക്കണ്ണാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈയിൽ ഡബ്ബിങ്ങ് ജോലികൾ നടക്കുകയാണ്. അതിനിടെ ഞാൻ മമ്മൂക്കയുടെ വീട്ടിൽ പോയി. അദ്ദേഹത്തിന്റെ ഭാര്യയെ ഞാൻ ബാബി എന്നാണ് വിളിക്കാറ്. വീട്ടിൽ എത്തിയപ്പോൾ ബാബി ചോദിച്ചു, ലാലുവിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടല്ലേ എന്ന്.
അപ്പോൾ ഞാൻ പറഞ്ഞു, ഉവ്വ് സുഹൃത്തുക്കൾ ഉണ്ട്. എന്താണ് അങ്ങനെ ചോദിച്ചത്. അപ്പോൾ ബാബി ഒരു കത്ത് എടുത്തു കൊണ്ടുവന്നു തന്നു. ആ കത്ത് ഞാൻ തുറന്ന് വായിച്ചു, മമ്മൂക്കയ്ക്കുള്ള ഒരു കത്തായിരുന്നു അത്. ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
കമലിന്റെ സിനിമകൾ ഹിറ്റ് ആയത് അയാളുടെ പ്രതിഭയുള്ളതുകൊണ്ട്. അല്ലാതെ ലാൽ ജോസിന്റെ കഴിവല്ല. താങ്കളെപ്പോലെ ഒരു നടൻ അവന്റെ വാക്കിൽ വീഴരുത്. അവന് യാതൊരു വിധ കഴിവുമില്ല. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോൾ പോലും കലകാരനാണെന്ന് തെളിയിക്കാൻ അവന് കഴിഞ്ഞിട്ടില്ല.
നിങ്ങൾ അവന്റെ സിനിമയിൽ അഭിനയിക്കരുത്. അതായിരുന്നു കത്തിന്റെ രത്‌നചുരുക്കം. കത്ത് വായിച്ചപ്പോൾ എനിക്ക് വിഷമമായി. എനിക്ക് ശത്രുക്കൾ ഉണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആരാണ് ആ കത്ത് അയച്ചതെന്ന് അറിയുകയുമില്ല.
എന്റെ മുഖം കണ്ടപ്പോൾ മമ്മൂക്ക ബാബിയോട് ചോദിച്ചു, നീ എന്തിനാണ് ആ കത്ത് അവന് കൊടുത്തത് എന്ന്. അപ്പോൾ ബാബി പറഞ്ഞു, ഈ ലോകത്ത് ഇത്തരത്തിലുള്ള ആളുകൾ ഉണ്ടെന്ന് ലാലു അറിയണം. ആ കത്ത് വായിച്ച് മമ്മൂക്ക പിൻമാറിയിരുന്നുവെങ്കിൽ എന്റെ ആദ്യത്തെ സിനിമ ഒരിക്കലും മറവത്തൂർ കനവ് ആകുമായിരുന്നില്ല. ഇപ്പോഴും ആ കത്ത് എന്റെ ഡയറിയിലുണ്ട്. ഇടയ്ക്ക് എടുത്ത് വായിക്കാറുണ്ടെന്നും ലാൽ ജോസ് പറഞ്ഞു.