നിപ്പ വൈറസ് പന് ബാധിച്ച് ഒരു നഴ്സ് കൂടി ആശുപത്രിയില്‍

17

കോട്ടയം: കോട്ടയത്ത് നിപ്പ പനി സംശയിച്ച് ഒരാളെക്കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെയാണു മെഡിക്കല്‍ കോളജിലെത്തിച്ചിരിക്കുന്നത്. നിപ്പ ലക്ഷണങ്ങളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Advertisements

അതിനിടെ, കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് രണ്ടു വയസ്സുകാരന്‍ മരിച്ചു. പനി ഹൃദയത്തെ ബാധിച്ചതാണെന്നാണു പ്രാഥമിക നിഗമനം. കൂടുതല്‍ കൃത്യതയ്ക്കായി രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. നിപ്പ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണു കോട്ടയം സ്വദേശിയായ കുട്ടിയുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

നേരത്തേ, പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിനു നിപ്പ വൈറസ് ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചിരുന്നു. പേരാമ്പ്ര താലൂക്കില്‍നിന്ന് ട്രെയിനില്‍ കോട്ടയത്തെത്തിയ ഇയാള്‍ പനിമൂലം അവശത തോന്നിയതിനെത്തുടര്‍ന്നു നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു.

നിപ്പ വൈറസ് ബാധയുളളതായി സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും അണുനശീകരണവും വ്യക്തിഗത സുരക്ഷ നടപടികളും ശക്തമാക്കിയതായും ഡിഎംഒ അറിയിച്ചു.

Advertisement