നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് കുളപ്പുള്ളി ലീല. സിനിമക്ക് പുറമേ മിനി സ്‌ക്രീനിലും സജീവ സാന്നിധ്യമായിരുന്നു താരം. മലയാളികൾ ഒരുപാട് ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച താരം മലയാളവും കടന്ന് തമിഴിലേക്കും ചേക്കേറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ചും, ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
കുളപ്പുള്ളി ലീലയുടെ വാക്കുകൾ ഇങ്ങനെ; ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്റെ ലീലയ്ക്ക് ഒരു പാവാട തരുമോ? എന്ന് ചോദിച്ച് അമ്മ വല്യമ്മയുടെ അടുത്ത് ചെല്ലും. നിങ്ങളൊക്കെ ഇരുമ്പ് കരിമ്പാക്ക കൂട്ടരാണ്, നിങ്ങൾക്കൊന്നും തന്നാൽ മൊതലാവില്യ എന്നു പറഞ്ഞു വെറും കൈയോടെ അമ്മയെ മടക്കി അയക്കും. പിന്നെയും പലരോടും ചോദിച്ചു നടന്നു. അമ്മയുടെ കൂട്ടുകാരി ദേവകി അവസ്ഥ കണ്ടറിഞ്ഞ് എനിക്ക് വേണ്ടുന്ന തുണിയൊക്കെ തന്നു.
അമ്മ കൂലിപ്പണി ചെയ്താണ് എന്നെ പോറ്റിയത്. നാടകത്തിന് പോവാൻ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണ്. ആരുടേയും എതിർപ്പ് അമ്മ വക വച്ചില്ല. അതുകൊണ്ട് അമ്മയെ പോറ്റാനുള്ള നിലയിൽ ഞാനെത്തി. അമ്മയ്ക്ക് ഇപ്പോഴിപ്പോൾ ഓർമ്മ കുറവാണ്. ഇടയ്ക്ക് സരിഗമ പധനിസ പാടുന്നത് കേൾക്കാം. അതും മുഴുമിപ്പിക്കില്ല. പണ്ടൊക്കെ ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ സ്റ്റേജിൽ എന്തെങ്കിലും തമാശപരിപ്പാടികൾ അവതരിപ്പിക്കും. ഇപ്പോൾ അമ്മയെക്കുറിച്ച് ഞാൻ എഴുതിയ പാട്ടുകൾ പാടും. എനിക്ക് രണ്ട് ആൺമക്കളായിരുന്നു.
ഒരാളുടെ പേര് രാധാകൃഷ്ണൻ. അവന് ഗുരുവായൂരിൽ കൊണ്ടു പോയാണ് ചോറു കൊടുത്തത്. എന്തു പറയാനാ. ജീവിതം മുഴുവനും കഷ്ടപ്പാടായിരുന്നു. രണ്ട് മക്കളെ തന്ന ദൈവം തന്നെ അവരെ തിരിച്ചെടുത്തു. ഒരാൾ ജനിച്ചതിന്റെ എട്ടാം നാളിലും മറ്റൊരാൾ പതിമൂന്നാം വയസിലും മരിച്ചു. ദൈവം അങ്ങനെ വിചാരിച്ചു കാണും. അല്ലാതെ എന്ത് പറയാനാ ഇപ്പോൾ മക്കളില്ലാത്ത വിഷമം ഞാൻ അറിയാറില്ല. എനിക്ക് നാട്ടിൽ കുറേ മക്കളും പേരക്കുട്ടികളുമുണ്ട്. പിന്നെ കുഞ്ഞിനെ പോലൊരു അമ്മയുണ്ട്.
മലയാളത്തിൽ അർഹിച്ച അംഗീകാരം കിട്ടിയോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടി വരും. നാനൂറിനടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടും ഒരു അവാർഡ് പോലും കിട്ടാത്തതിൽ സങ്കടമില്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും. കസ്തൂരിമാൻ ഷൂട്ടിനിടയ്ക്ക് സോനാ നായരുടെ അമ്മ പറഞ്ഞിരുന്നു, ലീല ചേച്ചിയ്ക്ക് അവാർഡ് പ്രതീക്ഷിക്കാം എന്ന്. എന്നാൽ ഇത്രകാലമായി അതുണ്ടായില്ല. തമിഴിൽ നന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. ജീവിതത്തിൽ ലഭിച്ച വലിയൊരു അംഗീകാരം. അവാർഡ് ഇല്ലെങ്കിലും പേ വാർഡ് മതിയെന്ന് ഞാൻ ഇടയ്ക്ക് തമാശ പറയും. തുണിയും മണിയുമുണ്ടെങ്കിൽ ഞാൻ ഓക്കെ ആണെന്നുമാണ് താരം പറയുന്നത്.