വലിയ കോളിളക്കമുണ്ടാക്കി പ്രദർശനത്തിന് എത്തിയ ദി കേരളാ സ്റ്റോറി സിനിമയ്ക്ക് കേരളത്തിൽ തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ. കേരളാ ബോക്‌സ് ഓഫീസുകളിൽ ചലനമുണ്ടാക്കാൻ കേരള സ്റ്റോറിക്ക് കഴിഞ്ഞില്ല. കലക്ഷനാകട്ടെ ആദ്യ പത്തിൽ പോലും ഈ ചിത്രം ഇടം പിടിച്ചില്ലെന്നാണ് ബോക്‌സ് ഓഫീസ് പാൻ ഇന്ത്യ സൈറ്റിന്റെ കണക്കുകൾ പറയുന്നത്.
ഇതിനിടെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആശിർവാദ് മൾട്ടിപ്ലെക്‌സുകളിൽ പ്രദർശിപ്പിക്കാത്തതിന് മോഹൻലാലിന് എതിരെ വിദ്വേ ഷ പ്രചാരണം ശക്തം. സംഘപരിവാർ അനുകൂലികളാണ് സോഷ്യൽമീഡിയയിലൂടെ മോഹൻലാലിന് എതിരെ തിരിഞ്ഞിരിക്കുന്നത്.
നവോത്ഥാന സമിതി ജോയിന്റ് കൺവീനറായിരുന്ന ഹിന്ദു പാർലമെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി സിപി സുഗതൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.’സമൂഹത്തിനു മാതൃകയാകാനാണ് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻറ് കേണൽ പദവിയിലൊക്കെ തന്നെ അവരോധിച്ചത്. സ്വാർഥനായ മോഹൻലാൽ താൻ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ആദർശം അൽപ്പമെങ്കിലും ഉൾക്കൊള്ളണമായിരുന്നു’- സിപി സുഗതന്റെ വാക്കുകളിങ്ങനെ.
കൂടാതെ, ‘ഉറഞ്ഞു തുള്ളിയ തീവ്രവാദികളെ ഭയന്ന് തന്റെ ഉടമസ്ഥതയിലുള്ള 30 തിയേറ്ററുകളിൽ ഒരെണ്ണത്തിൽപ്പോലും ദി കേരളാ സ്റ്റോറി എന്ന സമകാലീന സിനിമ പ്രദർശിപ്പിക്കാത്ത ഇയാളുടെ ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ പദവി എത്രയും പെട്ടെന്ന് പിൻവലിക്കപ്പെടേണ്ടതാണ്’- എന്ന് ഇതിന് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നു.
‘ഇനി മുതൽ മോഹൻലാലിന്റെ ഒരു സിനിമയും തിയേറ്ററിൽ പോയി കാണില്ലെന്ന് ബിജെപി തീരുമാനിച്ചാൽ അവിടെ തീരും അയാളുടെ അഭിനയ ജീവിതം’ – എന്നാണ് മറ്രൊരാളുടെ അവകാശവാദം.
ഇതിനോടൊപ്പം മോഹൻലാലിന് സർട്ടിഫിക്കറ്റ് നൽകലും തകൃതിയായി നടക്കുന്നുണ്ട്. ‘ഇയാൾ ഹിന്ദു അല്ല’,എന്നാണ് ഒരാളുടെ കമന്റ്. ഒപ്പം ‘ജിഹാദികൾ പിണങ്ങിയാൽ കേണലിൻറെ കച്ചവടം പൂട്ടും’ എന്നൊക്കെയുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണട്്.
കേരളത്തിൽ 20 തിയറ്ററുകളിലാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവർ പറയുന്നത്. തൃശൂരിലെ മാളയിൽ ആളില്ലാത്തതിനാൽ കേരള സ്റ്റോറിയുടെ പ്രദർശനം നിർത്തിവച്ചിരുന്നു. പിന്നീട് ബിജെപി പ്രതിഷേധത്തെ തുടർന്ന് പോലീസ് കാവലിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
അതേസമയം, കേരള സ്റ്റോറിക്ക് ലഭ്യമായ വിവരങ്ങൾ പ്രകാരം മഹാരാഷ്ട്രയിലാണ് (2.78 കോടി) കേരളത്തിന് പുറത്ത് ചിത്രത്തിന് മികച്ച നേട്ടമുണ്ടാക്കാനായത്. കർണാടക-0.5 കോടി, ഉത്തർപ്രദേശ്- 1.17 കോടി, ഗുജറാത്ത്-0.8 കോടി, ഹരിയാന -0.55 കോടി എന്നിങ്ങനെയാണ് കളക്ഷൻ കണക്കുകൾ.