മലയാള സിനിമാലോകത്തേക്ക് വില്ലനായി എത്തി നായികയായ വാണി വിശ്വനാഥിനെ പ്രണയിച്ച് വിവാഹം ചെയ്ത നടനാണ് ബാബുരാജ്. താരം പിന്നാട് തമാശ റോളുകളിലേക്കും ക്യാരക്ടർ റോളുകളിലേക്കും ചുവടുമാറ്റിയത് കരിയറിനെ നന്നായി സ്വാധീനിച്ചിരുന്നു. ഇപ്പോൾ താര സംഘടന അമ്മയുടെ എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളിൽ ഒരാളാണ് ബാബു രാജ്.
സംഘടനയുടെ പല അഭിപ്രായങ്ങളും മാധ്യമങ്ങളോട് തുറന്നുസംസാരിക്കുന്നത് ബാബുരാജാണ്. ഇപ്പോഴിതാ യുവതാരങ്ങൾക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച് പ്രതികരിക്കുകയാണ് ബാബുരാജ്.
മലയാള സിനിമയിലെ ലഹരി ഉപയോഗം വർധിച്ചുവരികയാണെന്ന് ബാബുരാജ് മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ്. തന്റെ കയ്യിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഉണ്ടെന്ന് ബാബുരാജ് പറഞ്ഞു. മറ്റ് ആർക്കോ വേണ്ടി കൊണ്ടുപോകുകയാണെന്നാണ് പിടിക്കപ്പെട്ട് കഴിയുമ്പോൾ ഇവർ പറയുന്നത്.
ഒരു പ്രാവശ്യം എക്‌സസൈസ്‌കാർ ചെയ്‌സ് ചെയ്‌തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരുമായിരുന്നു. ആ ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നതെന്നും ഇതൊക്കെ നഗ്‌നമായ സത്യങ്ങളാണെന്നും ബാബുരാജ് തുറന്നുപറയുന്നു.
സിനിമയിൽ ലഹരി ഉപയോഗം പണ്ടും ഉണ്ടായിരുന്നെങ്കിലും എല്ലാത്തിനും ഒരു മറയുണ്ടായിരുന്നു. ഇപ്പോൾ ആ മറ മാറി പരസ്യമായി ചെയ്യാൻ തുടങ്ങി. അമ്മ സംഘടനയിൽ ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നതിന്റെ മുഴുവൻ ലിസ്റ്റുമുണ്ട്. വ്യക്തികൾക്ക് എന്തും ചെയ്യാം. എന്നാൽ, ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നമെന്നും അദ്ദേഹം പ്രതികരിച്ചു.
ആർക്കും അവരുടെ ജോലി കഴിഞ്ഞ് പോയി ഇഷ്മുള്ളത് ചെയ്യാം. നമുക്ക് നിമയവിരുദ്ധമായ പല കാര്യങ്ങളും മറ്റു പല രാജ്യങ്ങളിലും ലീഗലാണ്. ജോലിക്ക് വിളിക്കുമ്പോൾ ഫോണെടുക്കൂ. ഇതാണ് നിർമാതാക്കൾ പറഞ്ഞതെന്നും ബാബുരാജ് വിശദീകരിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് നടൻമാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തെയും മലയാള സിനിമ സംഘടനകൾ വിലക്കിയത്.
പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, താരസംഘടനായ അമ്മ, നിർമാതാക്കളുടെ സംഘടന എന്നിവർ സംയുക്തമായാണ് രണ്ട് നടൻമാരുടെയും കാര്യത്തിൽ നിസ്സഹകരണം പ്രഖ്യാപിച്ചത്. ഇരു നടൻമാരുമായും സഹകരിക്കില്ലെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന നടിമാരുമായും നടന്മാരുമായും സഹകരിക്കില്ലെന്നും അങ്ങനെയുള്ളവരുടെ പേര് സർക്കാരിന് നൽകുമെന്നും സംഘടനകൾ വ്യക്തമാക്കുകയായിരുന്നു.