മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായക്കനാക്കി റാഫി മെക്കാർട്ടിൻ ജോഡി ഒരുക്കിയസൂപ്പർഹിറ്റ് സിനിമയായിരുന്നു പഞ്ചാബി ഹൗസ്. ദിലീപിന് ഒപ്പം ജോമോൾ, മോഹിനി, ഹരിശ്രീ അശോകൻ, തിലകൻ, കൊച്ചിൻ ഹനീഫ, ലാൽ, ജനാർദ്ദനൻ, നീനാ കുറുപ്പ്, ഇന്ദ്രൻസ്, എൻഎഫ് വർഡഗീസ് തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരന്ന ചിത്രം 1998 ൽ ആയിരുന്നു റിലീസ് ചെയ്തത്.
പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി എത്തിയ പഞ്ചാബിഹൗസ് എത്ര തവണ കണ്ടാലും മലയാളി ഓർത്തോർത്ത് ചിരിക്കുന്ന സിനിമകളുടെ കൂട്ടത്തിൽ പെട്ടതായി മാറി. അതേ സമയം ഈ സിനിമയുടെ പിന്നിലെ അണിയറക്കഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുക ആണ് തിരക്കഥാകൃത്തും സംവിധായകനുമായ മെക്കാർട്ടിൻ.
പഞ്ചാബിഹൗസ് ആദ്യം എഴുതി തുടങ്ങിയത് മോഹൻലാലിനെ നായകനാക്കി ആണെന്നാണ് മെക്കാർട്ടിൻ പറയുന്നത്. കഥ എഴുതുമ്പോൾ എനിക്കു ഡയലോഗ് കിട്ടാനായി അങ്ങനൊരു സൂത്രപ്പണി ചെയ്യാറുണ്ട്. എനിക്ക് പരിചയമുള്ള ഏതെങ്കിലും ഒരു നടനെ വെച്ച് എഴുതി തുടങ്ങും.
മോഹൻലാൽ ആയിരുന്നു നായകൻ എന്ന രീതിയിലാണ കഥയെഴുതി തുടങ്ങിയത്. പിന്നീട് കോമഡിയുടെ ശൈലിയിലേയ്ക്ക് എത്തിയപ്പോഴാണ് ദിലീപ് ചെയ്താൽ നന്നാകുമെന്നു തോന്നിയത്. അങ്ങനെയാണ് നായക കഥാപാത്രം ദിലീപിലേയ്ക്ക് എത്തുന്നത്.
ഉണ്ണിയുടെ വേഷം ദിലീപ് ചെയ്താൽ മികച്ചതാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും കഥ കേട്ടപ്പോൾ ദിലീപിന്റെ ഭാഗത്തു നിന്നും നല്ല പ്രതികരണം ആയിരുന്നു ലഭിച്ചത്. പിന്നീടുള്ള ചർച്ചകളിലെല്ലാം ദിലീപും പങ്കെടുത്തു.
ഉണ്ണിയെന്ന കഥാപാത്രത്തെ അദ്ദേഹം വളരെ മികച്ചതാക്കി മാറ്റിയെനനും മെക്കാർട്ടിൻ പറയുന്നു. അതേ സമയം ഈ സിനിമയുടെ കഥ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ആണ് ലഭിച്ചതെന്നും മെക്കാർട്ടിൻ പറയുന്നു. യാത്രയ്ക്ക് ഇടയിൽ ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണം മോശമായിരുന്നു.
അത് കഴിക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങൾ അത് കളഞ്ഞു. അപ്പോൾ പെട്ടന്നൊരു കുട്ടി വരികയും ഞങ്ങൾ വലിച്ചെറിഞ്ഞ ആ ഭക്ഷണമെടുത്തു കഴിക്കുകയും ചെയ്തു. സ്‌കൂൾ യൂണിഫോമിൽ ആയിരുന്നു അവൻ. അത് കഴിക്കരുതെന്നു അവനോട് ഞങ്ങൾ പറഞ്ഞെങ്കിലും അവൻ കഴിച്ചുകൊണ്ട് ഞങ്ങളോട് മറുപടി പറഞ്ഞത് ആംഗ്യ ഭാഷയിലായിരുന്നു.
അവൻ ഞങ്ങളുടെ മുൻപിൽ അഭിനയിച്ചതാണോ എന്നൊരു സംശയത്തിൽ നിന്നുമാണ് ഞാൻ പഞ്ചാബിഹൗസ് എഴുതാൻ തീരുമാനിച്ചത്. സംസാര ശേഷിയുള്ള ഒരാൾ ഊമയായി അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും എന്നതായിരുന്നു ഞങ്ങളെ ആസിനിമയിലേക്ക് നയിച്ചതെന്നും മെക്കാർട്ടിൻ പറയുന്നു.