കായംകുളത്ത് ഒളിച്ചോടി പോകുന്ന വീട്ടമ്മമാരുടെ എണ്ണം ദിവസംതോറും പെരുകുന്നു, കഴിഞ്ഞവര്‍ഷം പോയത് 36 സ്ത്രീകള്‍: കാരണമറിയാതെ നാട്ടുകാര്‍: ഭര്‍ത്താക്കന്മാര്‍ അങ്കലാപ്പില്‍

24

കായംകുളം: ആലപ്പുഴ ജില്ലയിലെ കായംകുളത്ത് വീടും കുടുംബവും ഉപേക്ഷിച്ച് ഒളിച്ചോടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം ഭയാനകമായി വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 36 സ്ത്രീകളാണ് ഭര്‍ത്താവിനെയും മക്കളെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി പോയത്.

വിവരാകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ ഒ ഹാരിസിന് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച രേഖയിലാണ് ഈ കണക്കുകള്‍ കാണിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ഇരുപത്തിയഞ്ചിന് താഴെ മാത്രമായിരുന്നു. 2015 ല്‍ പുരുഷന്മാര്‍ അടക്കം 39 പേരെയാണ് കാണാതായത്. 2014 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേരെ കാണാതായത് 2017 ലാണ്.

Advertisements

2018 ല്‍ ഇതുവരെ മാത്രം ഇരുപതിലേറെ സ്ത്രീകളാണ് വീട് വിട്ടുപോയത്. ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. ആളിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്ത ശേഷം നിയമപ്രകാരം പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ ഇഷ്ടപ്രകാരം പറഞ്ഞയക്കും. പോകാന്‍ ഇടമില്ലാത്ത ആളാണെങ്കില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്ക് വിടുകയാണ് പതിവ്.

18 വയസിനു താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളോടൊപ്പമോ, ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് അയക്കും. കഴിഞ്ഞ വര്‍ഷം 3550 ക്രിമിനല്‍ കേസുകളാണ് കായംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഗതാഗത നിയമം ലംഘിച്ചും മദ്യപിച്ചു വാഹനമോടിച്ചും നിയമ ലംഘനം നടത്തിയവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കായംകുളം സ്റ്റേഷന്‍ പരിധിയില്‍ 237 വാഹനാപകടങ്ങള്‍ നടന്നു. അതില്‍ 28 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ കുറ്റവാളികളായി പന്ത്രണ്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന പീഡനകേസുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള വനിത സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കോടതിയില്‍ നേരിട്ടു ഫയല്‍ ചെയ്യുന്നതില്‍ വര്‍ധനവ് വന്നിട്ടുണ്ട്.

കഞ്ചാവ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട 3209 പേര്‍ക്ക് സ്റ്റേഷനില്‍ നിന്നും നേരിട്ടു ജാമ്യം നല്‍കിയിരുന്നു. നിരോധിത നോട്ടുമായി ബന്ധപ്പെട്ട് ഒരു കേസും, പത്ത് ബാലപീഡന കേസുകളും, രണ്ട് കൊലക്കേസുകളും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement