മലയാള സിനിമയിൽ റിലീസിനായി കാത്തിരിക്കുന്നത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ഈ കൂട്ടത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ റിലീസിനായി കാത്തിരിക്കുന്നത് ഫഹദ് ഫാസിൽ നായകനാകുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് വേണ്ടിയാണ്.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി എന്റർടെയ്‌നറാണെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.അഖിൽ സത്യനെന്ന പേരും സിനിമയുടെ കാത്തിരിപ്പിന് ആക്കം കൂട്ടുകയാണ്. ചിത്രത്തിൽ നായികയായെത്തുന്നത് അഞ്ജന ജയപ്രകാശാണ്.
മോഡലും നടിയുമായ അഞ്ജന ഈ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ സെക്കന്റ് ഹീറോയിനായി അഭിനയിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്നും കഥ നല്ലതാണോയെന്ന് മാത്രമാണ് താൻ നോക്കുന്നതെന്നും അഞ്ജന പറയുന്നു.
ഹീറോയിൻ, സെക്കന്റ് ഹീറോയിൻ എന്നൊക്കെ പറയുന്നത് ഓരോ ടാഗ്സാണ്. കഥ നല്ലതാണെങ്കിൽ സെക്കന്റ് ഹീറോയിനാണെങ്കിൽ പോലും ആളുകൾ ശ്രദ്ധിക്കും. മണിച്ചിത്രത്താഴിൽ വിനയ പ്രസാദ് സെക്കന്റ് ഹീറോയിൻ ആയതുകൊണ്ട് ആദ്യം നോ എന്നാണ് പറഞ്ഞതെന്ന് തോന്നുന്നു. പക്ഷെ ഇത്രയും കാലം കഴിഞ്ഞിട്ടും ആ കഥാപാത്രത്തെ നമ്മൾ ഓർത്തുവെക്കുന്നുണ്ടല്ലോയെന്നാണ് അഞ്ജന ചോദിക്കുന്നത്.
കൂടാതെ, ബബ്ലി ക്യൂട്ട് കഥാപാത്രങ്ങൾ ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും പിന്നെ സ്ത്രീ കഥാപാത്രങ്ങളെ കൂടുതൽ ലൈക്കബിളാക്കുക എന്ന ഉദ്ദേശത്തോടെയാണ് അങ്ങനെ ചെയ്യുന്നതെന്നും അഞ്ജന വിശദീകരിക്കുന്നു. ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നമ്മൾ ക്യൂട്ടായിട്ട് അഭിനയിക്കണമെന്നില്ല.
ആ കഥാപാത്രം അല്ലാതെ തന്നെ ക്യൂട്ടായിരിക്കും. അങ്ങനെ എഫേർട്ട്ലെസായിട്ടുള്ള ക്യൂട്ട്നെസാണെങ്കിൽ കുഴപ്പമില്ല. അല്ലാതെ എനിക്കത് ചേരുമെന്ന് തോന്നുന്നില്ലെന്നും അഞ്ജന ജയപ്രകാശ് വിശദീകരിച്ചു.