മലയാളികളെ കുടുകുടാ ചിരിപ്പിച്ച മറ്റൊരു ഹാസ്യ സാമ്രാട്ട് കൂടി മലയാള സിനിമാലോകത്തിന് നഷ്ടമായിരിക്കുകയാണ.് പതിറ്റാണ്ടുകളായി മലയാളികളുടെ ചിരിക്ക് കാരണക്കാരനായ മാമുക്കോയ (76)യുടെ വിയോഗത്തിന്റെ നീറ്റലിലാണ് മലയാളികൾ.
കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം മാമൂക്കോയയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ്. മാമുക്കോയ ബുധനാഴ്ച ഉച്ചയോടെയാണ് വിടവാങ്ങിയത്. ഈ മാസം 24ന് കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
താരത്തിന്റെ വിയോഗത്തിന്റെ വേദന പങ്കുവെച്ച് പ്രിയപ്പെട്ട സഹതാരങ്ങളെല്ലാം അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയിരുന്നു. പലരും തങ്ങളുടെ നഷ്ടം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.
ഇപ്പോഴിതാ പ്രിയദർശൻ ചിത്രമായ ഓളവും തീരത്തിലും മാമുക്കോയയ്ക്ക് ഒപ്പം അവസാനമായി അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കിട്ട് എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. തങ്ങൾ ഡബ്ബിങിന് എത്തിയപ്പോൾ ഇരുന്ന് സംസാരിച്ചത് കാരണം മാമുക്കോയയുടെ ശബ്ദം അടഞ്ഞെന്നും അദ്ദേഹത്തിന് ഡബ്ബ് പോലും ബുദ്ധിമുട്ടായെന്നുമുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സുരഭി.
സുരഭി ലക്ഷ്മിയുടെ കുറിപ്പ്:
”മാണ്ട”ആ സീനിലെ ടൈമിങ്ങും നിഷ്‌കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോൾ ഉള്ള റിയാക്ഷനും, അങ്ങനെ എന്തെല്ലാം കഥകൾ, എംടി സാറിന്റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദർശൻ സാർ സംവിധാനം ചെയ്തപ്പോൾ, ഞങ്ങൾക്ക് രണ്ടുപേർക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം കിട്ടി.’
‘അതിന്റെ ഡബ്ബിങ് സമയത്ത് ഒരുപാട് നേരം ഞങ്ങൾക്ക് തമാശകൾ പറയാനും, നമ്മൾ പറയുന്നതിന് മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിൽ കൗണ്ടറുകൾ പറയുകയും , അവസാനം ഡബ്ബ് ചെയ്യാൻ കയറിയപ്പോൾ ശബ്ദം അടഞ്ഞു, ‘പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന പഹച്ചിയാണ്, ഞാൻ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്, രണ്ടു കോഴിക്കോട്ടുകാര് കൂടിയാ വർത്താനം നിർത്തൂല ഞാൻ നിർത്തുമ്പോ ഓള് തൊടങ്ങും, ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ ‘ കോഴിക്കോട്ൻ ഭാഷയിൽ എന്നെ കാണിച്ച് പ്രിയദർശൻ സാറിനോട് പറയുഞ്ഞു കളിയാക്കി.’
‘ഏതായാലും ഇക്കാ നമ്മളെ രണ്ടാളെയും ശബ്ദം അടഞ്ഞു എന്നാൽ പിന്നെ ചായ വരുന്നവരെ ഒരു റീലെടുത്താലോ . അവിടെയിരുന്ന് ഞങ്ങൾ വോയിസ് റെസ്റ്റ് എടുത്ത നിമിഷങ്ങൾ..,.. കോഴിക്കോടിന്റെ, ഹാസ്യ സുൽത്താന് സ്‌നേഹത്തോടെ വിട’