വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സൂപ്പർ നടിയാണ് ലെന. നായികയായും സഹനടിയായും എല്ലാം ലെന തിളങ്ങിയിട്ടുണ്ട്. ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടി കൂടിയാണ് ലെന. ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും ലെന ഇടയ്‌ക്കൊന്നു മാറി നിന്നിരുന്നു. അത് കഴിഞ്ഞ് വലിയൊരു ചുവട് വയ്പ്പായിരുന്നു നടി നടത്തിയത്.
സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു എവന്നും അത് സഫലമായെന്നും പക്ഷേ പ്രതീക്ഷിച്ച രീതിയിൽ എത്തിപ്പെടാനായില്ലെന്നും ലെന ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഏറ്റവും സന്തോഷകരവും സുഖകരവുമായ ഓർമ്മകൾ മാത്രമാണ് സിനിമ സമ്മാനിച്ചതെന്നും ലെന പറഞ്ഞിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനായ രണ്ടാം ഭാവം സിനിമയിലെ ഒരു നായിക ലെന ആയിരുന്നു. സിനിമയിൽ നാട്ടിൻപുറത്തുകാരിയായ മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിച്ചത്. എന്നാൽ ആ സിനിമയിൽ സ്വയം ഡബ്ബ് ചെയ്തത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയുകയാണ് ലെന.
ചിത്രം തിയേറ്ററിൽ റിലീസ് ആയപ്പോൾ മണികുട്ടിയെ സ്‌ക്രീനിൽ കാണിക്കുമ്പോൾ പ്രേക്ഷകർ കൂവുകയായിരുന്നു. സിനിമയിൽ കഥാപാത്രത്തിന് സ്വന്തം ശബ്ദത്തിന് പകരം വളരെ ലൈറ്റായിട്ടാണ് ഡബ്ബ് ചെയ്തത്. ഇതായാരിക്കാം ആളുകളെ കൂവാൻ പ്രേരിപ്പിച്ചതെന്നും ലെന മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ സംഭവത്തോടെ സിനിമാ അഭിനയം വരെ നിർത്തിയാലോ എന്ന് ചിന്തിച്ചെന്നും ലെന പറയുന്നു.
പണ്ട് തൊട്ടേ തനിക്ക് തന്റെ വോയ്‌സ് ഇഷ്ടമല്ലായിരുന്നെന്നാണ് ലെന പറയുന്നത്. രണ്ടാം ഭാവം എന്ന സിനിമയിൽ തന്റെ സ്വന്തം വോയ്‌സ് അല്ല ഉള്ളത്. വളരെ പതുക്കെ നൈസായിട്ടാണ് അതിൽ സംസാരിച്ചത്. തന്റെ തന്നെ വോയ്‌സിൽ ഡബ്ബ് ചെയ്യാനായിരുന്നു ലാൽജോസ് സാർ പറഞ്ഞിരുന്നത്.
താൻ സിനിമയിൽ വരുന്നതിന് മുമ്പ് സ്‌കൂളിൽ പഠിക്കുമ്പോൾ പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദമാണെന്ന് പറഞ്ഞിരുന്നു. അക്കാര്യം തലയിൽ എപ്പോഴോ കേറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡബ്ബ് ചെയ്യിക്കല്ലേയെന്ന് സാറിനോട് പറഞ്ഞിരുന്നു. നല്ല കിളിനാദം പോലെയുള്ള ശബ്ദമാണ് ഹീറോയിൻസിന് ഉണ്ടാവുക. ഈ പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദം മണികുട്ടി എന്ന കഥാപാത്രത്തിന് എങ്ങനെ ചേരുമെന്നായിരുന്നു ടെൻഷനെന്നും ലെന പറഞ്ഞു.
പിന്നെ ഡബ്ബ് ചെയ്ത് സിനിമ ഇറങ്ങിയപ്പോൾ കാണാൻ തിയേറ്ററിൽ പോയി. മണികുട്ടി സ്‌ക്രീനിൽ വന്നപാടെ തിയേറ്ററിലെ ആളുകൾ മൊത്തം വലിയ കൂവൽ. ആ ഒറ്റ അനുഭവം കൊണ്ട് സിനിമ നിർത്തിയാലോ എന്നാലോചിച്ചെന്നാണ് താര്തതിന്റെ വാക്കുകൾ.