ക്രിക്കറ്റ് നിര്‍ത്തിയാല്‍ എംഎസ് ധോണിക്ക് ഏറ്റവും നല്ലത് ചാരപ്പണിയാണെന്ന് ഒരുപോലെ പറഞ്ഞ് ഇര്‍ഫാന്‍ പഠാനും ആലിയ ഭട്ടും. ഇന്ത്യന്‍ ചാരയായി ആലിയ ഭട്ട് എത്തുന്ന ചിത്രമാണ് റാസി. റാസിയുടെ പ്രചരണത്തിന്റെ ഭാഗമായി കെന്റ് ക്രിക്കറ്റ് ഷോയില്‍ എത്തിയപ്പോഴായിരുന്നു ലോകത്തിലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി ആലിയയുടെ രസകരമായ കമന്റ്.
ഇന്ത്യന്‍ ടീമിലെ ഏറ്റവും നല്ല ചാരന്‍ ആരാണെന്ന് ഇര്‍ഫാന്‍ പഠാനോട് ചോദിച്ചപ്പോള്‍ ധോണിയെന്നായിരുന്നു അദ്ദേഹത്തിന്റേയും മറുപടി. ധോണി തന്റെ ടീമംഗങ്ങളെ രഹസ്യമായി നിരീക്ഷിക്കുമെന്നും എല്ലാവരെയും വിശദമായി മനസ്സിലാക്കുമെന്നും പഠാന്‍ പറഞ്ഞു. ചോദ്യങ്ങള്‍ ചോദിച്ച ആലിയയോടും ഇതിഹാസ താരങ്ങള്‍ ഇതേ ചോദ്യം തിരിച്ചു ചോദിച്ചു.
‘റാസി’ ചിത്രത്തിലെ തന്റെ കഥാപാത്രത്തെപ്പോലെ അവസരം കിട്ടുകയാണെങ്കില്‍ മികച്ച ചാരനാകാനുള്ള എല്ലാ കഴിവും ഒരു ഇന്ത്യന്‍ താരത്തിനുണ്ടെന്ന് ആലിയ വെളിപ്പെടുത്തി. ചാരനാകാന്‍ ഏറ്റവും നല്ലത് ധോണിയെന്നായിരുന്നു ഒട്ടും താമസമില്ലാതെ ആലിയയുടെ മറുപടി.
ക്രിക്കറ്റ് താരങ്ങളായ ബ്രെറ്റ് ലീ, ഇര്‍ഫാന്‍ പഠാന്‍, മുന്‍ മിസ്സ് ഓസ്‌ട്രേലിയന്‍ താരം എറിന്‍ ഹോളണ്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒരവസരം കിട്ടിയാല്‍ ആരുടെ പിറകേ ചാരനായി നടക്കുമെന്ന് ബ്രെറ്റ് ലീയോട് ചോദിച്ചപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെന്നായിരുന്നു ലീയുടെ മറുപടി.