താനെ: ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷം യുവതിയെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് യുവാവിന്റെ മരണത്തില്‍ പോലീസ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ചത്. യുവാവിന്റെ അമ്മ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
താനെയിലെ കപുര്‍ബാവ്ഡിയിലുള്ള എന്‍ജി നഗര്‍ സ്വദേശിയായിരുന്ന വിനായക് ലോന്ദേ(34)യെ കഴിഞ്ഞ വര്‍ഷം എപ്രീല്‍ 16 ാം തീയതിയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടിയും ചില സ്ഥല ഇടപാടുകളെ തുടര്‍ന്നും ഭാര്യയായ പൂനം വിനായകനെ കൊലപ്പെടുത്തിയെന്നാണ് മാതാവ് പരാതിയില്‍ ആരോപിക്കുന്നത്. ഈ കേസില്‍ വാദം കേട്ട താനെ കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
2012 ലാണ് വിനായകും പൂനവും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഒരു സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാരനായിരുന്നു വിനായക്. സ്വകാര്യ ബാങ്കിലായിരുന്നു പൂനം ജോലി ചെയ്തു വന്നിരുന്നത്. വിവാഹത്തിന് ശേഷം വിനായക് ജോലി രാജിവെച്ച് സ്വന്തം ബിസിനസ്സ് ആരംഭിച്ചു. എന്നാല്‍ ഇത് സാമ്പത്തികമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തിന് വന്‍ കടബാധ്യത നേരിടേണ്ടി വന്നു.
ഇതിനെ തുടര്‍ന്ന് വീടും വാഹനവും അടക്കം ഇവര്‍ക്ക് വില്‍ക്കേണ്ടതായി വന്നു. ഈ സംഭവത്തില്‍ വീട്ടില്‍ വിനായകും പൂനയും തമ്മില്‍ എന്നും വഴക്ക് നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് പൂനം തന്റെ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിനായകന്റെ അമ്മ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.