ബ്രഹ്‌മപുരത്തെ തീയും പുകയും കൊച്ചിയിലെ ജനങ്ങളെ വലിയ ആശങ്കയിലാക്കിയിരുന്നു. തീ അണഞ്ഞെങ്കിലും എന്താണ് വരാനിരിക്കുന്ന പ്രത്യഘാതം എന്നാണ് ആളുകളുടെ ആശങ്ക. ഇതിനിടെ ജനങ്ങളെ ഏറെ ശ്വാസം മുട്ടിച്ച പ്രദേശങ്ങളിലേക്ക് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി മെഡിക്കൽ സംഘത്തെ അയച്ചിരിക്കുകയാണ്.
സൗജന്യമായി ചികിത്സിക്കുകയും മരുന്നുകളും ഓക്‌സിജൻ കോൺസൻട്രേറ്റുകളും വിതരണം ചെയ്യുകയുമാണ് മെഡിക്കൽ സംഘം ഇപ്പോൾ. ഇന്ന് ബ്രഹ്‌മപുരത്തുനിന്നാണ് മെഡിക്കൽ സംഘം പ്രവർത്തനം തുടങ്ങിയത്.
നേരത്തെ, ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു മമ്മൂട്ടി. ‘ ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് ‘- എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് റോബർട്ട് കുറിച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
റോബർട്ടിന്റെ വാക്കുകൾ:
പുണെയിൽ നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണ് മമ്മൂക്കയുടെ വിളി വരുന്നത്. ‘ബ്രഹ്‌മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?’ ആ ചോദ്യത്തിലുണ്ടായിരുന്നു കടലോളമുള്ള കരുതൽ. ‘നമ്മൾ ചെയ്താൽ പിന്നെ മറ്റുള്ളവർക്കും പ്രചോദനമാകും’ മമ്മൂക്കയുടെ ഈ ആത്മവിശ്വാസത്തിന്റെ ഉറപ്പിൽ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു. ഉടൻ തന്നെ മമ്മൂക്കയുടെ സന്തത സഹചാരിയും കെയർ ആന്റ് ഷെയറിന്റെ സാരഥികളിലൊരാളുമായ എസ്.ജോർജ്, സംഘടനയുടെ നേതൃസ്ഥാനത്തുള്ള കെ.മുരളീധരൻ,ഫാ.തോമസ് കുര്യൻ എന്നിവരുമായി തുടർചർച്ചകൾ. രാജഗിരി ആശുപത്രിയും,ലിറ്റിൽ ഫ്ളവർ ആശുപത്രിയും പങ്കാളികളായി അതിവേഗം കടന്നുവരുന്നു.
ആദ്യഘട്ടത്തിൽ രാജഗിരിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മെഡിക്കൽ സംഘം എന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തുന്നു. വയനാട്ടിലെ ഷൂട്ടിങ് തിരക്കിനിടയിലും എല്ലാ കാര്യങ്ങളിലും മമ്മൂക്കയുടെ മേൽനോട്ടം. ഒടുവിൽ ചൊവ്വാഴ്ച രാവിലെ വിഷപ്പുക ഏറ്റവും കൂടുതൽ ബാധിച്ച വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാംവാർഡായ ബ്രഹ്‌മപുരത്ത് നിന്ന് രാജഗിരിയിലെ ഡോക്ടർമാരുടെ സംഘം പര്യടനം തുടങ്ങി. അവർ മൂന്നുദിവസങ്ങളിൽ മരുന്നുകളും ഓക്സിജൻ കോൺസൻട്രേറ്ററുകളും മാസ്‌കുകളുമായി ശ്വാസംമുട്ടിക്കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ വീടിനടുത്തേക്കെത്തും. ഇത് ഒരു തുടക്കം മാത്രമാണെന്ന് മമ്മൂക്കയുടെ ഓർമപ്പെടുത്തൽ.
ബുധൻ, വ്യാഴം ദിവസങ്ങളിൽ യഥാക്രമം കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ട,തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയലെ വടക്കേ ഇരുമ്പനം എന്നിവിടങ്ങളിൽ മെഡിക്കൽസംഘം പരിശോധന പൂർത്തിയാക്കിക്കഴിയുമ്പോൾ തുടർപ്രവർത്തനങ്ങളും ഉടനെയുണ്ടാകും. ഇത് മമ്മൂട്ടി എന്ന മനുഷ്യന്റെ, അദ്ദേഹത്തിന് അപരനോടുള്ള അപാരമായ കരുതലിന്റെ അടയാളങ്ങളിലൊന്നുമാത്രം. ആ മനസ്സിൽ ഇനിയുമുണ്ട് ഒപ്പമുള്ളവരുടെ സങ്കടങ്ങൾ ഒപ്പുന്നതിനുള്ള സ്നേഹത്തൂവാലകൾ. ആ യാത്രയിൽ ഒപ്പം ചേരാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യതകളിലൊന്ന് എന്നത് വ്യക്തിപരമായ സന്തോഷം, അഭിമാനം