മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയ സൂപ്പർഹിറ്റ് സിനിമ ആയിരുന്നു നിറക്കൂട്ട്. മമ്മൂട്ടിയും സുമലതയും ആയിരുന്നു ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. ഹിറ്റ് മേക്കർ ജോഷി ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.
മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. ന്യൂഡൽഹിയും നിറക്കൂട്ടും കൌരവരും സംഘവും നായർസാബുമെല്ലാം ആ കൂട്ടുകെട്ടിന്റെ സാഫല്യങ്ങൾ ആണ്.എന്നാൽ നിറക്കൂട്ട് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.
അത് സംവിധായകൻ ജോഷിയുടെ ഒരു വാശിയുടെ കഥയാണ്. നിറക്കൂട്ടിൽ മമ്മൂട്ടി ജയിൽപ്പുള്ളിയുടെ വേഷത്തിലാണ് എത്തിയത്. തലമൊട്ടയടിച്ച രൂപവും കുറ്റിത്താടിയും ആണ് ആ ചിത്രത്തിലെ കഥാപാത്രത്തിന് ആയി ജോഷിയും ഡിസൈനർ ഗായത്രി അശോകനും തീരുമാനിച്ചത്.
എന്നാൽ അതേസമയം തന്നെ ബാലു മഹേന്ദ്ര സംവിധാനം ചെയ്യുന്ന യാത്ര എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ടായിരുന്നു. നിറക്കൂട്ടിന്റെ ലുക്ക് ഇഷ്ടപ്പെട്ട ബാലു മഹേന്ദ്ര യാത്രയിലും മമ്മൂട്ടിക്ക് ആ ലുക്ക് മതി എന്ന് തീരുമാനിച്ചു.
ഇത് അറിഞ്ഞ ജോഷിക്ക് വാശിയായി. താൻ മനസിൽ ആഗ്രഹിച്ച മമ്മൂട്ടി രൂപം മറ്റൊരു ചിത്രത്തിലൂടെ പുറത്തുവന്നാൽ ശരിയാകില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പിന്നെ ജോഷി രാപ്പകൽ അധ്വാനം ആയിരുന്നു. യാത്ര റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പെങ്കിലും നിറക്കൂട്ട് പ്രദർശനത്തിന് എത്തിക്കണം എന്നായിരുന്നു ജോഷിയുടെ വാശി.
മമ്മൂട്ടി പോലും അറിയാതെ ആണ് നിറക്കൂട്ട് യാത്രയ്ക്ക് മുമ്പേ എത്തിക്കാൻ ജോഷി ശ്രമിച്ചത്. ഒടുവിൽ ജോഷിയുടെ വാശി ജയിച്ചു. യാത്ര റിലീസാകുന്നതിന് എട്ടു ദിവസങ്ങൾക്ക് മുമ്പ് നിറക്കൂട്ട് റിലീസ് ചെയ്യാൻ ജോഷിക്ക് കഴിഞ്ഞു. 1985 സെപ്റ്റംബർ 12നാണ് നിറക്കൂട്ട് റിലീസായത്. സെപ്റ്റംബർ 20ന് യാത്രയും റിലീസായി. രണ്ട് ചിത്രങ്ങളും വമ്പൻ ഹിറ്റുകളായി മാറി എന്നത് ചരിത്രം.