മെസ്സിക്ക് തകര്‍പ്പന്‍ ഹാട്രിക്ക്, നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ബാഴ്സിലോണയ്ക്ക് സ്പാനിഷ് ലാലിഗ കിരീടം

35

മാഡ്രിഡ്: എല്‍ ക്ളാസ്സിക്കോ ഉള്‍പ്പെടെ നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ സ്പാനിഷ് ലാ ലിഗാ കിരീടം ബാഴ്സിലോണയ്ക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കോടെ ടീം ഡിപ്പോര്‍ട്ടീവോ ലാകൊരുണയെ വീഴ്ത്തിയതോടെയാണ് ബാഴ്സ ലാ ലിഗമയില്‍ കിരീടസ്ഥാനത്തേക്ക് ഉയര്‍ന്നത്. സ്പാനിഷ് ലീഗില്‍ ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന ബാഴ്സിലോണ സീസണിലെ രണ്ടാമത്തെ കിരീടത്തിലാണ് മുത്തമിടാനൊരുങ്ങുന്നത്. ലാലിഗാ കിരീടനേട്ടം കാല്‍ സെഞ്ച്വറിയിലേക്ക് ഉയര്‍ത്താനും ബാഴ്സിലോണയ്്ക്കായി.

Advertisements

രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ബാഴ്സ ഡിപ്പോര്‍ട്ടീവോയെ വീഴ്ത്തിയത്. ഈ സീസണോടെ ബാഴ്സ ജഴ്സി ഊരുന്ന ഇനിയേസ്റ്റ അവസാന മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി. ലിയോണേല്‍ മെസ്സി റെക്കോഡ് നേടിയ മത്സരത്തില്‍ ആദ്യ ഗോള്‍ ഡംപലേയുടെ പാസില്‍ നിന്നും നേടിയത് ബ്രസീലിയന്‍ താരം ഫിലിപ്പേ കുടീഞ്ഞോയായിരുന്നു. തൊട്ടു പിന്നാലെ സുവാരസിന്റെ ഒന്നാന്തരം പാസ് മുതലാക്കി മെസി ആദ്യഗോള്‍ കുറിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു തവണ ഡിപ്പോര്‍ട്ടീവോ തിരിച്ചടിച്ചു. ലൂക്കാസ് പെരസും എംറേ കോളാക്കുമായിരുന്നു സ്‌കോറര്‍മാര്‍. എന്നാല്‍ പിന്നാലെ രണ്ടു തവണ മെസ്സി സ്‌കോര്‍ ചെയ്തു.

ഇതോടെ ലാലിഗ ചരിത്രത്തില്‍ ഏഴു സീസണുകളില്‍ 30 ഗോള്‍ മറികടക്കുന്ന ആദ്യ താരമെന്ന ഖ്യാതിയും ഏറ്റവും കൂടുതല്‍ തവണ ലാലിഗ കിരീടം നേടുന്ന വിദേശിയെന്നുമുള്ള നേട്ടവും മെസ്സി കൊയ്തെടുത്തു. കഴിഞ്ഞയാഴ്ചയായിരുന്നു ബാഴ്സിലോണ കിംഗ്സ് കപ്പ് കിരീടംനേടിയത്. 80 മിനിറ്റിന് ശേഷമാണ് ബാഴ്സയുടെ വിരമിക്കുന്ന താരവും ടീമിന്റെ നായകനുമായ ആന്ദ്രേ ഇനിയേസ്റ്റ ഇറങ്ങിയത്. ഡിപ്പോര്‍ട്ടീവോ ആരാധകര്‍ പോലും നായകനെ ഹര്‍ഷാരവത്തോടെ വിട നല്‍കി. 33 കിരീടമുള്ള റയലുമായി ബാഴ്‌സിലോണയുടെ വ്യത്യാസം എട്ട് കിരീടങ്ങള്‍ മാത്രമാണ്.

Advertisement