ലോലിതനായും മണ്ഡോദരിയുമായും എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ താരങ്ങളായിരുന്നു സ്നേഹയും ശ്രീകുമാറും. ഇരുവരും ജീവിതത്തിലും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു.
മറിമായം സീരിയയിലൂടെയാണ് സ്‌നേഹയും ശ്രീകുമാറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2019 ഡിസംബര്‍ പതിനൊന്നിന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനാണ് താനെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു.
ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മുന്‍പ് തുറന്നടിച്ചിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികള്‍.
അടുത്ത കാലത്തായി ഒരു യൂട്യൂബ് ചാനലും അരുവരും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം സ്നേഹയും ശ്രീകുമാറും പങ്കുവെക്കാറുണ്ട്. തങ്ങള്‍ അച്ഛനും അമ്മയുമാകാന്‍ പോകുകയാണെന്ന സന്തോഷവാര്‍ത്ത ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ ഒത്തിരി ആരാധകരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിയാന്‍ ശരിക്കും വൈകിയെന്നും അതിനുമുമ്പേ തന്നെ ആശംസകള്‍ വന്നിരുന്നുവെന്നും സ്‌നേഹ പറയുന്നു.
താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പേ തന്നെ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ ഗര്‍ഭിണിയായത് മറിമായത്തിലെ മണ്ഡോദരിയായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ അന്ന് പ്രചരിച്ചത് അതിന്റെ ചിത്രങ്ങളായിരുന്നുവെന്നും സ്‌നേഹ വ്യക്തമാക്കി.
വാര്‍ത്തയുടെ ഉള്ളടക്കം വായിക്കാതെ ആയിരുന്നു പലരും തനിക്ക് അന്ന് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ ഇന്ന് താന്‍ ശരിക്കും ഗര്‍ഭിണിയായെന്നും പക്ഷേ ഈ വാര്‍ത്തകണ്ട് പലരും പറയുന്നത് താന്‍ രണ്ടാമതും ഗര്‍ഭിണിയായി എന്നൊക്കെയാണെന്നും കൂടാതെ അന്ന് ആശംസകള്‍ നേര്‍ന്ന പലരും ഇന്ന് സത്യാവസ്ഥ അറിഞ്ഞ് ചമ്മിയിരിക്കുകയാണെന്നും സ്‌നേഹ പറയുന്നു.