സോഷ്യൽമീഡിയയിൽ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത് പലപ്പോഴും നല്ല കമന്റുകളും പിന്തുണയും പ്രതീക്ഷിച്ചായിരിക്കും. എന്നാൽ പലപ്പോഴും മനസ് വിഷമിപ്പിക്കുന്ന കമന്റുകളും സൈ ബർ ബു ള്ളി യിംഗും ആയിരിക്കും ചിലപ്പോൾ നേരിടേണ്ടി വരിക. ഇത്തരത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച യുവസംവിധായകൻ അരുൺരാജിന് നേരിടേണ്ടി വന്നത് വലിയ അധിക്ഷേപമാണ്.
പുതിയ സിനിമയെ കുറിച്ചുള്ള വിശേഷം പങ്കുവെച്ചപ്പോഴാണ് അരുൺരാജിന് മോശം കമന്റ് കേൾക്കേണ്ടി വന്നത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് അരുൺരാജ് രംഗത്തെത്തിയത്. ഈ ചിത്രത്തിന് ജാതി അധിക്ഷേപ കമന്റാണ് സംവിധായകന് നേരിടേണ്ടി വന്നത്. ഇപ്പോവിതാ ഈ കമന്റിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അരുൺരാജ്.
കഴിഞ്ഞ ദിവസം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ബാക്കി പുറകെ’ എന്ന ക്യാപ്ഷനോടെയാണ് അരുൺരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെയാണ് ജാതി അധിക്ഷേപ കമന്റ് പ്രത്യക്ഷപ്പെട്ടത്.
‘ഇവൻ ആണോ അരുൺരാജ്. മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കാൻ പോകുന്നത് ഈ കറുത്തിരിക്കുന്നവൻ ആണോ. പുലയന്മാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപണിയും ചെയ്യാൻ പറ. പുലയന്റെ മോൻ’- എന്നാണ് പ്രിയ രതീഷ് എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും വന്ന കമന്റ്.
അതേസമയം, ഈ കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് പുലയനാണെന്ന് അഭിമാനത്തോടെ എന്നും പറയുമെന്നാണ് അരുൺരാജ് കുറിച്ചിരിക്കുന്നത്. തന്റെ ജാതിയോ മതമോ നിറമോ എവിടെയും മറച്ചുവെച്ചിട്ടില്ലെന്നും അതറിഞ്ഞുകൊണ്ടാണ് നിർമാതാക്കൾ തന്റെ ഒപ്പം നിന്നതെന്നും അരുൺരാജ് പറയുന്നുണ്ട്.
മമ്മൂട്ടി ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ് എന്നും അതുകൊണ്ട് തനിക്കും തന്റെ സിനിമക്കും ഒരു പ്രശ്നവുമില്ലെന്നും അരുൺരാജ് സോഷ്യൽമീഡിയയിൽ കുറിക്കുന്നു.
‘പ്രിയ സുഹൃത്തുക്കളെ, ഏറെ വിഷമത്തോടെ, ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിന്റെ താഴെ വന്ന ഒരു കമന്റ് എല്ലാവരും കണ്ടുകാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവർക്ക് ഞാൻ ഇവിടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാൻ വന്നത്, ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന്.’
‘ഞാൻ എന്റെ ജാതി, മതം, നിറം എവിടെയും മറച്ച് വെച്ചില്ല. എന്റെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത്. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അതിന്റെ പ്രൊഡ്യൂസേഴ്സ്, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്’.
‘മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം. പുള്ളി ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എന്റെ സിനിമക്കും ഒരു പ്രശ്നവുമില്ല. പിന്നെ ഇത് എന്തിന്റെ പ്രശ്നമാണെന്നും ഇത് ആരാണ് ചെയ്യുന്നതെന്നും എനിക്ക് വ്യക്തമായിട്ട് അറിയാം. കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്.’
‘ഇനിയും അങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകർക്കരുത് ഒരു അപേക്ഷ ആണ്. കൂടെ നിന്നവർക്കെല്ലാം ഒരുപാട് നന്ദി’- അരുൺരാജ് കുറിച്ചു.