മലയാളത്തിന്റെ പ്രിയങ്കരിയാണ് സുകുമാരിയമ്മ. 2500 ത്തോളം ചിത്രങ്ങളിൽ വേഷമിട്ട നടി എന്ന പ്രത്യേകതയും താരത്തിനുണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും തന്റെ അഭിനയമികവ് തെളിയിച്ച നടി കൂടിയാണവർ. കോമഡി വേഷങ്ങളും, സീരിയസ് വേഷങ്ങളും, വില്ലൻ വേഷങ്ങളും എല്ലാം അവരുടെ കയ്യിൽ ഭദ്രം.
50 വർഷം നീണ്ട് നിന്ന തന്റെ അഭിനയജീവിത്തിൽ ബ്ലാക്ക് ഏൻഡ് വൈറ്റ് സിനിമകളിലും താരം അഭിനയിച്ചു. തീപ്പൊള്ളലേറ്റ് 2013 ലാണ് സുകുമാരി അന്തരിക്കുന്നത്. പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ നടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇപ്പോഴിതാ സുകുമാരിയെ കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് സുകുമാരിയമ്മയെ കുറിച്ച് ജോൺ പോൾ മനസ്സ് തുറന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കൂടെ വന്നവർക്കും അഭിനയിക്കുന്നവർക്കും തനിക്ക ലഭിക്കുന്ന അതേ ആനുകൂല്യവും പ്രാധാന്യവും ഉറപ്പുവരുത്താൻ സുകുമാരി ശ്രദ്ധ കൊടുത്തിരുന്നു. തങ്ങളുടെ ചിത്രത്തിൽ സുകുമാരി അമ്മ ഇല്ലെങ്കിൽ വിരസത അനുഭവപ്പെടും എന്നാണ് പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. എനിക്കും അവരുടെ ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഹോട്ടൽ ഫുഡ് കഴിച്ച് മടുപ്പ് അനുഭവപ്പെട്ടാൽ നമ്മളെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി സ്വന്തം കൈക്കൊണ്ട് വെച്ച് വിളമ്പി തരും. ഇനി അവർക്ക് തിരക്കാണെങ്കിൽ കൂടെയുള്ളവരുടെ കയ്യിൽ ഭക്ഷണം ഉണ്ടാക്കി കൊടുത്തുവിടും.
ഇനിയെങ്ങാനും വല്ല അസുഖവും വന്നു എന്നറിഞ്ഞാൽ, നേരെ നമ്മളുള്ള ഹോട്ടൽ മുറിയിലേക്ക് സുകുമാരിയമ്മ ഓടിവരും. രോഗം ശ്രദ്ധിക്കാതെ നടക്കുന്നതിനും, ഡോക്ടറെ കാണിക്കാതെ നടക്കുന്നതിനും നമ്മളെ ചീത്ത പറയും. നമ്മളെ ഡോക്ടറെ കാണിക്കാനും കൊണ്ടുപോവും. സുകുമാരിയമ്മയെ കുറിച്ച് ഏറ്റവും വികാരധീനനായി സംസാരിക്കാറുള്ളത് അടൂർ ഭാസിയാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം എവിടെയും സുരക്ഷിതനല്ല എന്ന് തോന്നിയ സമയത്ത്, മറ്റുള്ളവർ തന്റെ പണത്തിനാണ് വില കൊടുക്കുന്നത് എന്ന് മനസ്സിലാക്കി തുടങ്ങിയപ്പോൾ സ്വന്തം സഹോദരന്റെ വീട്ടിൽ നിന്ന് ഫുഡ് കഴിക്കാൻ അദ്ദേഹം ഭയപ്പെട്ടിരുന്നു.
ആ സമയത്ത് മൂന്ന് നേരവും അദ്ദേഹത്തിനുള്ള ഫുഡ് നല്കിയിരുന്നത് സുകുമാരിയമ്മയാണ്. സുകുമാരിയുടെ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണത്തെ പൂർണ വിശ്വാസത്തോടെ കഴിക്കാൻ തനിക്ക് വലിയ ധൈര്യമായിരുന്നു എന്ന് അടൂർ ഭാസി പറയാറുണ്ടായിരുന്നു. സുകുമാരിയമ്മയുമായി അടുത്തിടപഴകിയ എല്ലാവർക്കും തന്നെ ഇത്തരത്തിലുള്ള സ്‌നേഹ വാത്സല്യത്തിന്റെ ഓർമ്മകളുണ്ടെന്നാണ് ജോൺ പോൾ അന്ന് പറഞ്ഞത്