മലയാളത്തിന്റെ അഭിമാനമായ സംവിധായകനാണ് പ്രിയദർശൻ. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും പ്രിയദർശൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർതാരം മോഹൻലാലിന്റെ അടുത്ത സുഹൃത്തുകൂടിയാണ് പ്രിയദർശൻ. ഇരുവരും ചേർന്ന മിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു.
ഇപ്പോഴിതാ മലയാള സിനിമ മറ്റ് ഇന്ത്യൻ ഭാഷകളിലെ സിനിമകളേക്കാൾ വളരെ ഉയരത്തിലാണ് എന്ന് പറയുകയാണ് പ്രിയദർശൻ. കൂടാതെ, ഇന്ത്യയിൽ മിക്ക റീമേക്കി ചിത്രങ്ങളും പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തിലെ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഇവിടുത്തെ അഭിനേതാക്കളുടെ പ്രകടനത്തിനൊത്ത് ഉയരാൻ അന്യഭാഷയിലെ താരങ്ങൾക്ക് സാധിക്കാറില്ലെന്നാണ് അദ്ദേഹം മാതൃഭൂമി അക്ഷരോത്സവത്തിൽ പറഞ്ഞത്.
ബോളിവുഡ് താരം അക്ഷയ് കുമാറിന് അദ്ദേഹത്തിന്റേതായ ലിമിറ്റേഷനുണ്ടെന്ന് പ്രിയദർശൻ പറയുന്നു. മോഹൻലാലാവാൻ പറ്റില്ല അക്ഷയ് കുമാറിന്.
ആ ലിമിറ്റേഷനുള്ളിൽ നിന്നുകൊണ്ട് മാത്രമേ അഭിനയിക്കാനാവൂ. തിലകന്റെ കാര്യവും അങ്ങനെ തന്നെയാണ്. അവിടുത്തെ ആർട്ടിസ്റ്റുകൾക്ക് അദ്ദേഹം ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ ലിമിറ്റേഷനുണ്ടെന്നും പ്രിയദർശൻ വിശദീകരിച്ചു.
എന്നാൽ ഈ സിനിമ കാണാത്ത വലിയൊരു വിഭാഗത്തിന്റെ മുമ്പിലേക്കാണ് ഒരു റീമേക്ക് സിനിമയുമായി നമ്മൾ ചെല്ലുന്നത്. അതിൽ രണ്ടുമൂന്ന് കാര്യങ്ങളുണ്ട്. ഇന്ത്യയിലെ മിക്ക റീമക്ക് ചിത്രങ്ങളും ഫ്ളോപ്പാണ്. പല മലയാള സിനിമകളും ഹിന്ദിയിലേക്ക് പോയപ്പോഴും പൊട്ടിപ്പോയെന്നും പ്രിയദർശൻ വെളിപ്പെടുത്തി.
പഴയ തലമുറയേക്കാൾ നല്ല സിനിമകളാണ് ഇപ്പോഴുള്ള ജനറേഷൻ ചെയ്ത് കൊണ്ടിരിക്കുന്നത്. ആ ഒരു കോംപ്ലക്‌സോടെയാണ് ഞങ്ങളൊക്കെ പിടിച്ചു നിൽക്കുന്നത്. പിടിച്ചു നിൽക്കുക എന്ന വാക്ക് ശ്രദ്ധിക്കണമെന്നും ഇന്നത്തെ പുതുതലമുറയുടെയൊപ്പം ഞങ്ങൾ പിടിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത്രയും കാലത്തെ അനുഭവങ്ങൾ ഉള്ളത് കൊണ്ട് മാത്രം നമ്മൾ മുന്നോട്ട് പോവുന്നു എന്നേയുള്ളു. ഇന്നും എങ്ങനെയാണ് രസകരമായ ഒരു തിരക്കഥ എഴുതേണ്ടതെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.