മലയാളികളുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് കത്രീന കൈഫ്. ബോളിവുഡിന് പുറമേ മലയാളത്തിലും മമ്മൂട്ടിയുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനേതാവ് മാത്രമല്ല നർത്തകിയും കൂടിയാണ് താരം. ബോളിവുഡ് താരമായ വിക്കി കൗശലിനെ ഈയടുത്താണ് താരം വിവാഹം കഴിച്ചത്. മലയാളത്തിൽ ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കാമുകിയുടെ വേഷമാണ് താരം ചെയ്തത്.
ഇപ്പോഴിതാ തന്നെ കരയിപ്പിച്ച വിമർശനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കത്രീന കൈഫ്. തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ പ്രമോഷന് എത്തിയപ്പോഴാണ് കത്രീന തന്റെ അനുഭവം വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എല്ലാവരും തിരസ്‌കരണത്തെ അഭിമൂഖീകരിക്കേണ്ടി വരും. നിങ്ങൾ ഒരു അഭിനേതാവാണെങ്കിൽ അത് തീർച്ചയായും ഉണ്ടാകും.
ഒട്ടുമിക്ക അഭിനേതാക്കളും തിരസ്‌കരണം നേരിടേണ്ടി വന്നവരാണ്. പലതും ഇതുവരെയും പുറത്ത് വന്നിട്ടില്ല. നിങ്ങൾ ഒരു നല്ല നടിയാകണമെങ്കിൽ നല്ല പ്രതിരോധശേഷി വളർത്തി എടുക്കേണ്ടതുണ്ട്. ഞാൻ അഭിനയിക്കാൻ തുടങ്ങിയപ്പോൾ എന്നിൽ നല്ലതായി ഒന്നുമില്ല, എനിക്ക് ഒരു നടിയാകാൻ കഴിയില്ല എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞവരുണ്ട്. അന്ന് അത് കേട്ട് ഞാനൊരുപാട് കരഞ്ഞു.കൂടുതൽ ശക്തയായി മുന്നോട്ട് പോകാൻ അത് എന്നെ സഹായിച്ചു എന്നാണ് ഞാൻ കരുതുന്നത്. കരയുന്നത് നല്ലതാണ് അത് നമ്മെ ശക്തയായി മുന്നോട്ട് പോകാൻ സഹായിക്കും മാത്രമല്ല കഠിനാധ്വാനം ചെയ്യാനും, പ്രതിരോധ ശേഷി നേടാനും അത് സഹായകമാകുമെന്ന് ഉറപ്പ്.
ജോൺ എബ്രഹാം സിനിമയിൽ നിന്നും കത്രീനയെ ഒഴിവാക്കിയ കഥ സൽമാൻ ഖാനും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘കുറേനാൾ മുമ്പ് ജോൺ എബ്രഹാം കത്രീനയെ ഒരു സിനിമയിൽ നിന്നും മാറ്റിയിരുന്നു. ഇപ്പോഴിത് കത്രീനയുടെ അവസരമാണ്.’ ‘എനിക്ക് ഇപ്പോഴും ആ രംഗം ഓർമ്മയുണ്ട്. കത്രീന ഇരുന്ന് കരയുകയാണ്. തന്നെ നായിക സ്ഥാനത്ത് നിന്നും ജോൺ മാറ്റിയെന്നും പകരം താര ശർമയെ നായികയാക്കിയെന്നും പറഞ്ഞായിരുന്നു കരഞ്ഞത്. എന്റെ കരിയർ തന്നെ നശിച്ചുവെന്നും പറഞ്ഞായിരുന്നു കരച്ചിൽ.’
ഒരിടയ്ക്ക് സൽമാൻ ഖാനും കത്രീന കൈഫും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് ആ പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും സൽമാനും കത്രീനയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം 2021 ഡിസംബറിലാണ് കത്രീന കൈഫ് വിക്കി കൗശലിനെ വിവാഹം കഴിച്ചത്. രാജസ്ഥാനിലെ സവായ് മധോപൂരിലായിരുന്നു വിവാഹ ആഘോഷങ്ങൾ.