മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മുകേഷ്. നായകനായും, സഹനടനായും വന്നു മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. രാഷ്ട്രീയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് മുകേഷ്. നിലവില്‍ മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതകഥകള്‍ പറയുകയാണ് അദ്ദേഹം. പഴയ കാല താരങ്ങളെക്കുറിച്ചും പഴയ ഷൂട്ടിംഗ് അനുഭവങ്ങളുമെല്ലാം ഓരോ എപ്പിസോഡിലും മുകേഷ് പങ്കുവെക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലില്‍ മുകേഷ് പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സിനിമയിലേക്ക് വന്നതിനെ കുറിച്ചായിരുന്നു മുകേഷ് സംസാരിച്ചത്. ഓഡിഷന് ഒട്ടും താത്പര്യമില്ലാതെയായിരുന്നു മോഹന്‍ലാല്‍ പങ്കെടുത്തതെന്ന് മുകേഷ് പറയുന്നു.
തന്റെ ലുക്കൊക്കെ കണ്ടിട്ട് ആര് തന്നെ സിനിമയിലെടുക്കാനാണ് എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്നും ആ ഓഡിഷനില്‍ സെലക്ടാവില്ലെന്നായിരുന്നു മോഹന്‍ലാല്‍ വിചാരിച്ചിരുന്നതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു മോഹന്‍ലാലിന്റെ ആദ്യ സിനിമ. ഓഡിഷനില്‍ ഫാസിലും വേറെ മൂന്ന് ജഡ്ജസും ഉണ്ടായിരു്ന്നു. നൂറില്‍ 95 മാര്‍ക്കായിരുന്നു മോഹന്‍ലാലിന്റെ അഭിനയത്തിന് ഫാസില്‍ അന്ന് നല്‍കിയതെന്നും എന്നാല്‍ പൂജ്യം നല്‍കിയവരും ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഫാസിലിന്റെ മാര്‍ക്ക് കൊണ്ടായിരുന്നു മോഹന്‍ലാല്‍ സിനിമയിലെത്തിയതെന്നും മുകേഷ് പറയുന്നു.